അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈയ്യില്‍ തട്ടി വലിയ മുറിവുണ്ടായി ! ആ കുറ്റബോധം പിന്നീട് പ്രണയമായിത്തീര്‍ന്നു; 20-ാം വിവാഹ വാര്‍ഷികത്തില്‍ പ്രണയനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് താരങ്ങള്‍…

ആരാധകരുടെ ഇഷ്ട താരജോഡികളാണ് അജിതും ശാലിനിയും. സിനിമയില്‍ നായികാ നായകന്മാരായി തുടങ്ങിയ ആ ബന്ധം ജീവിതത്തിലും ദൃഢമായിട്ട് ഇന്ന് 20 വര്‍ഷമാവുകയാണ്.

വളരെ നാടകീയമായ ഒരു പ്രണയകഥയ്‌ക്കൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.

അമര്‍ക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിതും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അമര്‍ക്കളത്തിലേക്ക് സംവിധായകന്‍ ശരണ്‍ സമീപിച്ചപ്പോള്‍ ശാലിനി ആദ്യം കൂട്ടാക്കിയില്ല.

കാരണം ശാലിനിക്ക് പ്ലസ്ടു പരീക്ഷ എഴുതണമായിരുന്നു. പരീക്ഷയ്ക്ക് മുന്‍പ് താന്‍ ഒന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും ശാലിനി പറഞ്ഞു.

പക്ഷേ ശരണ്‍ വിട്ടില്ല. ശാലിനിയും അജിതും സിനിമയില്‍ നല്ല ജോടിയാണെന്ന് ശരണിന് തോന്നിയിരുന്നു. ഒരു നിവൃത്തിയുമില്ലാതെ ശരണ്‍ അജിതിനെ കൊണ്ട് ശാലിനിയെ വിളിപ്പിച്ചു.

പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞു, ‘ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ, ഞങ്ങള്‍ ഷൂട്ടിങ് നീട്ടിവച്ചോളാം.’

പരീക്ഷ തീര്‍ന്നതിനു തൊട്ടുപിന്നാലെ ശാലിനി ഷൂട്ടിംഗിനെത്തുകയും ചെയ്തു. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈ തണ്ടയില്‍ അബദ്ധത്തില്‍ ഒരു വലിയ മുറിവുണ്ടാക്കി.

വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിതിന്റെ മനസ്സ് വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീര്‍ന്നതെന്ന് അജിത് പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

‘ഒരിക്കല്‍ ഞാന്‍ മുടി ചുരുട്ടി ഒരു പുത്തന്‍ സ്‌റ്റൈലില്‍ സെറ്റില്‍ പോയി. അമര്‍ക്കളത്തിന്റെ സെറ്റില്‍ വച്ച് അജിത് എന്നോട് പറഞ്ഞു എനിക്കത് ചേരുന്നില്ലെന്ന്.

പെട്ടെന്ന്‌ തന്നെ അദ്ദേഹം തിരുത്തി പറഞ്ഞു എന്നെ തെറ്റിദ്ധരിക്കരുത്, കുട്ടിയുടെ കാതലുക്ക് മരിയാദെ ഞാന്‍ കണ്ടിട്ടുണ്ട്. അതിലെ സ്‌റ്റൈലാണ് നല്ലത്’ ശാലിനി മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞു.

അമര്‍ക്കളത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ അജിത് ഒരു കാര്യം ഉറപ്പിച്ചു, ശാലിനിയാണ് തന്റെ ജീവിതത്തിലെ പെണ്‍കുട്ടിയെന്ന്.

ഇഷ്ടം തുറന്ന് പറഞ്ഞത് അല്‍പ്പം ഭയത്തോടെ ആയിരുന്നു. പക്ഷേ, ശാലിനിയുടെ മനസ്സിലും പ്രണയം മൊട്ടിട്ടിരുന്നു.

2000ത്തിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് തന്നെ മണിരത്നം ചിത്രം അലൈപ്പായുതെ അടക്കമുള്ള സിനിമകള്‍ ശാലിനി പൂര്‍ത്തിയാക്കി.

അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞ് 20 വര്‍ഷങ്ങളായെങ്കിലും ശാലിനിയെന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അനൗഷ്‌ക, ആദ്വിക് എന്നിവരാണ് ദമ്പതികളുടെ മക്കള്‍.

Related posts

Leave a Comment