മൂന്നാര്‍: കഴിഞ്ഞ 20 വര്‍ഷമായി നാടു ശുചിയാക്കാനിറങ്ങുന്ന മൂന്നാര്‍ സ്വദേശിയായ അളകമ്മ അഴകുള്ളൊരു ജീവിതം സ്വപ്നംകണ്ടു തുടങ്ങിയിട്ടു വർഷങ്ങളായി. നല്ലൊരു കിടപ്പാടം പോലുമില്ലാതെ അധികാരികളുടെ കനിവിനായി കാത്തിരിക്കുകയാണ് ഇവർ. ഡ്യൂട്ടിക്കിടയില്‍ കാട്ടാന ആക്രമണത്തിലുണ്ടായ ശാരീരിക അവശതകളും ചികിത്സയ്ക്കായുണ്ടായ സാമ്പത്തിക ബാധ്യതയും അലട്ടുന്ന അളകമ്മ തന്റെ വേദനകള്‍ മറച്ചുവച്ചാണ് ഓരോ ദിവസവും നാടു ശുചിയാക്കാന്‍ ഇറങ്ങുന്നത്.
ഇരുപതു വര്‍ഷമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തിനു കീഴില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു വരികയാണ് അളകമ്മ. അടച്ചുറപ്പുള്ള വീടുപോലുമില്ലാതെ, യാതൊരു സുരക്ഷിതത്വവുമില്ലാതെ ഒറ്റയ്ക്കു താമസിക്കുന്ന അളകമ്മയെ ഉദ്യോഗസ്ഥര്‍ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ്.
ഒരാള്‍ പൊക്കം മാത്രമുള്ള ഷീറ്റുകൊണ്ടു മറച്ച ഷെഡിലാണ് താമസം. മഴക്കാലത്ത് ശക്തമായ കാറ്റില്‍ ഏതുനിമിഷവും പറന്നുപോകാവുന്ന നിലയിലാണ് ഷീറ്റുകള്‍. ചോരുന്ന ഇടങ്ങളില്‍ ടാര്‍പോളിന്‍ ഷീറ്റുകളാണ് ആശ്രയം. പഞ്ചായത്തില്‍ വീടിനായി അപേക്ഷിച്ച് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
2024 സെപ്റ്റംബര്‍ 25ന് ജോലിക്കിടെ കാട്ടാനയുടെ ആക്രമണമുണ്ടായി. നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാന്റില്‍ മാലിന്യം വേര്തിരിക്കുന്നതിനിടയിലായിരുന്നു കാട്ടാന അളകമ്മയെ എടുത്തെറിഞ്ഞത്. ആനയുടെ ചവിട്ടേറ്റ് കാലില്‍ ഗുരുതര പരിക്കുമുണ്ടായി. ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ചികിത്സ.
എട്ടു ലക്ഷം രൂപ ചികിത്സയ്ക്കു ചെലവായി. ഒന്നര ലക്ഷം രൂപ പഞ്ചായത്ത് ചികിത്സയ്ക്കായി അനുവദിച്ചു. ഒരു ലക്ഷം രൂപ വനംവകുപ്പ് നഷ്ടപരിഹാരവും നല്കി. അഞ്ചര ലക്ഷം രൂപ നിലവില്‍ ബാധ്യതയുണ്ട്. രണ്ടു പെണ്മക്കള് ഉള്‍പ്പെടെ നാലു പേരാണ് മക്കള്‍. എല്ലാവരും കൂലിവേല ചെയ്തു ജീവതം പുലര്‍ത്തുന്നവരാണ്.
