അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവാവിന്റെ കാലില്‍ തുന്നിക്കെട്ടിയ മുറിവില്‍നിന്നു പിന്നീട് ചില്ല് നീക്കം ചെയ്തതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് 19 -ാം വാര്‍ഡ് കൊച്ചുപറമ്പ് പരേതനായ അശോകന്റെ മകന് അനന്തു(27)വിന്റെ കാലില്‍ തുന്നിക്കെട്ടിയ മുറിവില്‍നിന്നാണ് പിന്നീട് പുന്നപ്ര സാഗര സഹകരണ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ചില്ല് നീക്കം ചെയ്തത്.
ജൂലൈ 17ന് രാത്രി ഒമ്പതോടെ വളഞ്ഞവഴിയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ അനന്തു(27)വിനു പരിക്കേറ്റിരുന്നു. വലതുകാലിന് മുറിവും മറ്റു പരിക്കുകളുമുണ്ടായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച അനന്തുവിന്റെ കാലിലെ മുറിവുകള്‍ തുന്നിക്കെട്ടി പ്ലാസ്റ്റര്‍ ഇട്ടശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിശോധനകള്‍ക്കുശേഷം മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്നു പറഞ്ഞ് രണ്ടു ദിവസത്തിനു ശേഷം വിട്ടയച്ചു. പിന്നീട് കാലിന്റെ മുട്ടിനു താഴെ ബാന്റേജ് ചുറ്റിയശേഷം പറഞ്ഞയച്ചു. ലൈറ്റ് ആൻഡ് സൗണ്ട് ജോലി ചെയ്തിരുന്ന അനന്തുവിന് പിന്നീട് ജോലിക്കു പോകാന്‍ കഴിയാതായി. കാലിനുവേദനയും തുന്നിക്കെട്ടിയ ഭാഗത്ത് മുഴയുമുണ്ടായി.
മുഴപൊട്ടിയതോടെ ഈ മാസം 22നു വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. ഓര്‍ത്തോ വിഭാഗത്തില്‍ പരിശോധനയ്ക്കുശേഷം കുഴപ്പമില്ലെന്നും പ്രമേഹമാണ് തുന്നിക്കെട്ടിയ ഭാഗം പൊട്ടിയൊലിക്കാന്‍ കാരണമെന്നും മെഡിസിന് വിഭാഗത്തില്‍ ചികിത്സതേടാനും പറഞ്ഞു.
തുടര്‍ന്ന് 29ന് മെഡിസിന് വിഭാഗത്തില്‍ നടത്തിയ പരിശോധനയ്ക്കുശേഷം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഷുഗര്‍ കൂടുതലാണെന്നും ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമാണെന്നും അതിനുള്ള കിടക്ക സൗകര്യങ്ങള്‍ ഇല്ലെന്നുമാണ് രാത്രിയില്‍ ഡ്യൂട്ടിക്കെത്തിയ ഡോക്ടര്‍ നിര്‍ദേശിച്ചതെന്ന് സംഭവത്തെ കുറിച്ച് അനന്തു ആശുപത്രി സൂപ്രണ്ടിന് നല്കിയ പരാതിയില്‍ പറയുന്നു.
തുടര്‍ന്നാണ് രാത്രിയോടെ പുന്നപ്ര സഹകരണ ആശുപത്രിയില്‍ ചികിത്സതേടുന്നത്. അവിടെ നടത്തിയ പരിശോധനയിലാണ് തുന്നലിട്ടിരുന്ന ഭാഗത്ത് എന്തോ ഉള്ളതായി കാണുന്നത്. പ്രാഥമിക പരിശോധനയ്ക്കുശേഷം പിറ്റേന്ന് ശസ്ക്രിയ വിഭാഗം ഒപിയിലെത്തിയപ്പോള് നടത്തിയ പരിശോധനയിലാണ് മുഴപൊട്ടിയൊലിച്ച ഭാഗത്ത് ചില്ലുള്ളതായി അറിയുന്നത്. പിന്നീട് ശസ്ത്രക്രിയയിലൂടെ കാല്മട്ടിലെ തുന്നല്‍ നീക്കം ചെയ്തഭാഗത്തുനിന്നു ചില്ല് പുറത്തെടുത്തു.
അപകടസമയത്ത് മുറിവേറ്റഭാഗത്ത് തറച്ചുകയറിയ ചില്ലാകാമിതെന്നാണ് നിഗമനം. മുറിവ് കൃത്യമായി വൃത്തിയാക്കാതെ തുന്നിയതാകാം പിന്നീട് കാലില്‍ പഴുപ്പുണ്ടാകാന്‍ കാരണം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയ്ക്കെതിരേ ആശുപത്രി സൂപ്രണ്ടിന് പുറമേ ജില്ലാ കളക്ടര്‍ക്കും അമ്പലപ്പുഴ പോലീസിനും അനന്തു പരാതി നല്‍കിയിട്ടുണ്ട്.
