ടെൽ അവീവ്: ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സഹായ സംഘടനകളുടെ ലൈസൻസ് റദ്ദാക്കിയതായി ഇസ്രയേൽ അറിയിച്ചു. പുതിയ രജിസ്ട്രേഷൻ നിയമം പാലിക്കാത്തതിന്റെ പേരിലാണ് നടപടി. ആക്ഷൻഎയ്ഡ്, ഇന്റർനാഷണൽ റെസ്ക്യു കമ്മിറ്റി, നോർവീജിയൻ റെഫ്യൂജി കൗൺസിൽ തുടങ്ങിയ പ്രമുഖ സംഘടനകളുടെ ലൈസൻസ് ഇന്ന് അസാധുവാകും. ഈ സംഘടനകൾ 60 ദിവസത്തിനുള്ളിൽ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം.
ജീവനക്കാരുടെ സന്പൂർണ വ്യക്തിഗത വിവരങ്ങൾ അടക്കമുള്ളവ സംഘടനകൾ കൈമാറാത്ത സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കുന്നതെന്ന് ഇസ്രേലി വൃത്തങ്ങൾ വിശദീകരിച്ചു. അതേസമയം, ഇസ്രയേലിലെ പുതിയ നിയമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ്ലൻഡ്, ജപ്പാൻ, നോർവേ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ പത്ത് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
രണ്ടു വർഷത്തെ യുദ്ധത്തിൽ തകർന്ന ഗാസയിൽ സഹായവിതരണവും അടിസ്ഥാന സേവനങ്ങളും ലഭ്യമാകാൻ ഈ സംഘടനകളുടെ പ്രവർത്തനം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, പുതിയ നടപടികൾ ഗാസയിലെ സഹായവിതരണത്തെ ബാധിക്കില്ലെന്ന് ഇസ്രയേൽ പ്രതികരിച്ചു.
