സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരില്ല! പ്രക്ഷോഭം മാത്രമാണ് മാര്‍ഗം; നിലപാട് ആവര്‍ത്തിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവര്‍ത്തിച്ച് പറയുന്നത്.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രക്ഷോഭമാണ് മാര്‍ഗമെന്നും അമിത് ഷാ പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രക്ഷോഭം നടത്തുന്ന ബി.ജെ.പി മോദി സര്‍ക്കാരിനോട് ഓഡിനന്‍സ് ഇറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് നേരത്തെ ആവിശ്യമുയര്‍ന്നിരുന്നു.

കോണ്‍ഗ്രസ് സി.പി.ഐ.എം ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ബി.ജെ.പി ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കണ്ണൂരില്‍ നടത്തിയ വിവാദ പ്രസംഗത്തെ അമിത് ഷാ ന്യായീകരിച്ചു. ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

അതേസമയം കോടതിവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനായി മാറ്റിവെച്ചു. ജനുവരി 22നാണ് ഹര്‍ജികള്‍ കോടതി വീണ്ടും പരിഗണിക്കണമോ എന്ന് വാദം കേള്‍ക്കുക. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ റിവ്യൂ ഹര്‍ജി പരിഗണിച്ച ബെഞ്ച് വിസമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാം.

Related posts