അനുകൂല വിധിയ്ക്കായി വാഗ്ദാനം ചെയ്തത് 100 കോടിരൂപ! വാഗ്ദാനം നിരസിച്ച്, ദിവസങ്ങള്‍ക്കുള്ളില്‍ ദുരൂഹമരണം; അമിത് ഷാ മുഖ്യപ്രതിയായിരുന്ന കേസിലെ ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട് മറനീക്കുന്ന ചില റിപ്പോര്‍ട്ടുകള്‍

ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുഖ്യപ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജിയുടെ ദുരൂഹമരണം സംബന്ധിച്ച് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. അമിത് ഷായ്ക്ക് അനുകൂല വിധി പുറപ്പെടുവിക്കുന്നതിന് ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയ്ക്ക് 100 കോടിരൂപ വാഗ്ദാനം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന മൊഹിത് ഷായാണ് മുംബൈയില്‍ വീടും 100 കോടിയും വാഗ്ദാനം ചെയ്തത്. ഇത് നിരസിച്ച ലോയ ദിവസങ്ങള്‍ക്കുള്ളില്‍ നാഗ്പൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്തു. ലോയയുടെ അച്ഛന്‍ ഹര്‍കിഷനും സഹോദരി അനുരാധ ബിയാനിയുമാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സൊഹ്‌റാബുദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്ന സമയത്ത് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്നു അമിത് ഷാ. മുംബൈയിലെ ഔദ്യോഗിക വസതിയിലേക്ക് രാത്രിയില്‍ വിളിച്ചുവരുത്തിയാണ് മൊഹിത് ഷാ കോഴ വാഗ്ദാനം ചെയ്തതെന്ന് ബിയാനി ‘കാരവന്‍’ എന്ന മാസികയോട് പറയുകയായിരുന്നു. അമിത് ഷായുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് ഡിസംബറില്‍ കേസ് അവസാനിപ്പിക്കണമെന്നും മൊഹിത്ഷാ ആവശ്യപ്പെട്ടു. സൊഹ്‌റാബുദീന്‍ കേസ് സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്നാണ് ഗുജറാത്തില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. ഒരേ ജഡ്ജിതന്നെ കേസ് ആദ്യാവസാനം കേള്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ജെ ടി ഉത്പല്‍ എന്ന ജഡ്ജിയാണ് കേസ് ആദ്യം പരിഗണിച്ചത്. തുടക്കംമുതല്‍ കേസില്‍ കര്‍ക്കശനിലപാടായിരുന്നു അദ്ദേഹത്തിന്.

ഒരു വര്‍ഷത്തോളം കേസ് കേട്ട ഉത്പല്‍, പ്രധാന പ്രതിയായ അമിത് ഷാ ഒരിക്കല്‍പ്പോലും കോടതിയില്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ചിരുന്നു. 2014 ജൂണ്‍ ആറിന് കേസ് പരിഗണിച്ചപ്പോഴും അമിത് ഷാ എത്തിയില്ല. ഇതില്‍ അതൃപ്തി അറിയിച്ച് ഉത്പല്‍ ജൂണ്‍ 20ന് നിര്‍ബന്ധമായും എത്തണമെന്ന് ഉത്തരവിട്ടെങ്കിലും ഹാജരായില്ല. ജൂണ്‍ 26ലേക്ക് കേസ് മാറ്റി. പക്ഷെ പിറ്റേന്ന് ഉത്പലിനെ സ്ഥലംമാറ്റി. തുടര്‍ന്നാണ് ലോയ നിയമിതനായത്. നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന അമിത് ഷായുടെ അഭ്യര്‍ഥനയോട് അനുകൂല നിലപാടെടുത്ത ലോയ, കുറ്റം ചുമത്തപ്പെടുന്നതുവരെ ഷാ ഹാജരാകേണ്ടതില്ലെന്ന് അറിയിച്ചു. കേസിനെ ലോയ ഗൌരവത്തിലെടുത്തുതുടങ്ങിയതോടെ പല കോണില്‍നിന്നും സമ്മര്‍ദം മുറുകി. 2014 ഒക്ടോബര്‍ 31ന് കേസ് പരിഗണിച്ച ഘട്ടത്തില്‍ ഷാ ഹാജരാകാത്തതില്‍ ലോയ അതൃപ്തി അറിയിച്ചു.

ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടല്ലോ എന്ന് ഷായുടെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ അത് മഹാരാഷ്ട്രയില്‍ ഇല്ലാത്തപ്പോള്‍മാത്രമാണെന്ന് ലോയ വ്യക്തമാക്കി. ഒക്ടോബര്‍ 31ന് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിന് ഷാ മുംബൈയില്‍ എത്തിയിരുന്നു. സംസ്ഥാനത്തുള്ളപ്പോള്‍ നിര്‍ബന്ധമായും ഷാ എത്തിയിരിക്കണമെന്ന് ലോയ ഉത്തരവിട്ടു. കേസ് നിര്‍ണായകഘട്ടത്തിലേക്ക് നീങ്ങവെയാണ് നവംബര്‍ 30ന് നാഗ്പുരില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. ലോയയുടെ മരണശേഷം ജഡ്ജിയായ എം ബി ഗൊസാവി ഷായുടെ വിടുതല്‍ ഹര്‍ജിയിലേക്ക് വേഗത്തില്‍ കടന്നു. സിബിഐ വാദം 15 മിനിറ്റുകൊണ്ട് അവസാനിക്കുകയും ചെയ്തു. ഗൊസാവി ഡിസംബര്‍ 30ന് ഷായെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടു. രാഷ്ട്രീയതാല്‍പ്പര്യങ്ങളാല്‍ ഷായെ പ്രതിയാക്കിയെന്നായിരുന്നു ന്യായം.

 

Related posts