ന്യൂഡൽഹി: അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, കരുത്തുറ്റ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകൾ സ്വന്തമാക്കാൻ ചൈനയുമായി കരാറിലേർപ്പെടാൻ ഇറാൻ. വിമാനവാഹിനിക്കപ്പലുകളെപ്പോലും തകർക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ വൈകാതെ ഇറാന് ചൈന കൈമാറുമെന്നാണ് റിപ്പോർട്ട്. രണ്ടു വർഷമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ജൂണിൽ ഇസ്രയേലും ഇറാനും തമ്മിലുണ്ടായ യുദ്ധത്തെത്തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്.
ചൈനീസ് നിർമിത സിഎം-302 മിസൈലുകൾ വാങ്ങുന്നതിനുള്ള കരാർ അവസാന ഘട്ടത്തിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 290 കിലോമീറ്റർ പരിധിയുള്ള ഈ സൂപ്പർസോണിക് മിസൈലുകൾക്ക് അതിവേഗത്തിൽ സഞ്ചരിക്കാനും കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ആക്രമിക്കാനും സാധിക്കും. കടലിലെ ലക്ഷ്യങ്ങൾക്കു പുറമെ കരയിലെ ലക്ഷ്യങ്ങൾ ഭേദിക്കാനും ചൈനീസ് മിസൈലിനു കഴിയും. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ആന്റി-ഷിപ്പ് മിസൈലുകളിലൊന്നാണിതെന്ന് ചൈന അവകാശപ്പെടുന്നു.
മിസൈലുകൾക്കു പുറമെ, മറ്റ് അത്യാധുനിക വെടിക്കോപ്പുകളും ചൈനയിൽനിന്നു വാങ്ങാൻ ഇറാൻ പദ്ധതിയിടുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിലണ്ട്. 1980കളിൽ ഇറാന്റെ പ്രധാന ആയുധ വിതരണക്കാരായിരുന്നു ചൈന. അന്താരാഷ്ട്ര സമ്മർദ്ദത്തെത്തുടർന്ന് പിന്നീട് ഇതു കുറഞ്ഞിരുന്നു. എന്നാൽ പുതിയ നീക്കം മേഖലയിൽ ചൈനയുടെ സ്വാധീനം വർധിപ്പിക്കുകയും അമേരിക്കൻ സേനയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുകയും ചെയ്യും.
ഇറാനുമായുള്ള ആണവകരാർ പ്രതിസന്ധിയിലായതും യുഎസ് ഉപരോധങ്ങൾ നിലനിൽക്കുന്നതുമായ സാഹചര്യത്തിൽ ചൈനയുടെ നീക്കം രാഷ്ട്രീയമായി പ്രധാന്യമുള്ളതാക്കുന്നു. ഇറാന്റെ മിസൈൽ പദ്ധതികളെ തടയാനുള്ള അമേരിക്കൻ ശ്രമങ്ങൾക്ക് ഇതു തിരിച്ചടിയായേക്കാം. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കിൽ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് 19-ന് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ചൈനയുടെ ആയുധ കൈമാറ്റം പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണമാക്കും.
