കൊച്ചി: കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് കടല്‍ കടക്കാനൊരുങ്ങുന്നു. ആറ് മാസം മുതല്‍ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ഇനി ലക്ഷദ്വീപിലേക്കും എത്തും.ഇവിടെയുള്ള പത്ത് ദ്വീപുകളില്‍ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകള്‍ക്കും ഭാരക്കുറവുള്ള കുട്ടികള്‍ക്കും വേണ്ടിയാണ് സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്.
അടുത്ത മാസം ആദ്യം ലക്ഷദ്വീപിലേക്ക് ന്യൂട്രിമിക്സ് കയറ്റി അയയ്ക്കും. നിലവില്‍ ഒരു തവണത്തെ ഓര്‍ഡര്‍ ആണ് ലഭിച്ചിരിക്കുന്നത്. ആവശ്യം അറിയിച്ചുകൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു. ഭാവിയില്‍ കൂടുതല്‍ അളവില്‍ ഉല്പന്നം ആവശ്യമാകുമെന്നാണ് പ്രതീക്ഷ.
പാക്കറ്റിന് 122 രൂപ നിരക്കില്‍ 390 കിലോ ന്യൂട്രിമിക്സാണ് ലക്ഷദ്വീപിലേക്ക് കയറ്റി അയയ്ക്കുക. ലക്ഷദ്വീപിലെ അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെറ്റ്ലത്ത്, കാഡ്മത്ത്, കല്പെനി, കവരത്തി, കില്‍ത്താന്‍, മിനികോയ് ദ്വീപുകളിലെ പോഷകാഹാര കുറവ് അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ് അമൃതം ന്യൂട്രിമിക്സ് വാങ്ങുന്നത്. ഓരോ ദ്വീപിലേക്കും ആവശ്യമായ ന്യൂട്രിമിക്സിന്റെ അളവ് കുടുംബശ്രീക്ക് നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത ന്യൂട്രിമിക്സ് യൂണിറ്റുകള്‍ മുഖേനയാണ് ലക്ഷദ്വീപിലേക്ക് വിതരണം ചെയ്യുന്നതിനാവശ്യമായ ന്യൂട്രിമിക്സ് തയ്യാറാക്കുന്നത്. യൂണിറ്റുകള്‍ ഓരോ ദ്വീപിലേക്കും ആവശ്യമായ അളവില്‍ സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് പ്രത്യേകം പായ്ക്കറ്റുകളിലാക്കി കൊച്ചിയിലെ വെല്ലിങ്ങ്ടണ്‍ ഐലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ടേറ്റീവ് ഓഫീസിലെത്തിക്കും. അവിടെ നിന്നും ഉല്പന്നം ലക്ഷദ്വീപിലെത്തിക്കും.
സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറ് മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികള്‍ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്. കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ ടേക്ക് ഹോം റേഷന്‍ സ്ട്രാറ്റജി (ടി.എച്ച്.ആര്.എസ് ) പ്രകാരം കേരള സര്‍ക്കാരിനു കീഴില്‍ വനിതാ ശിശുവികസന വകുപ്പ്, ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്.
നിലവില്‍ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകള്‍ വഴി പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം ടണ്‍ ഭക്ഷ്യമിശ്രിതം ഉല്പാദിപ്പിക്കുന്നു. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകള്‍ നേടുന്നുണ്ട്.
- സീമ മോഹന്‍ലാല്‍
