ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തിവന്ന പശ്ചിമ ബംഗാൾ സ്വദേശി മാരക മയക്കുമരുന്നുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി. പശ്ചിമബംഗാൾ മാൾഡ സ്വദേശി മസിദുർ റഹ്മാനാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 37 ഗ്രാം ഹെറോയിനും ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്സൈസ് വകുപ്പിന്റെ പ്രത്യേക ലഹരിവിരുദ്ധ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസ് റേഞ്ചും ആലപ്പുഴ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതി വലയിലായത്. റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തുള്ള റോഡിൽ വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ എക്സൈസ് സംഘം വളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു കടത്തുകയായിരുന്ന ഹെറോയിനും കഞ്ചാവും കണ്ടെടുത്തത്.
ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും പ്രദേശത്തെ യുവാക്കൾക്കിടയിലും വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ മാരക ലഹരിമരുന്നെന്നാണ് പ്രാഥമിക വിവരം. ചെങ്ങന്നൂർ റേഞ്ച് ഇൻസ്പെക്ടർ വി. സജീവ്, ഐബി ഇൻസ്പെക്ടർ വഹാബ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അജിത്ത്, മധു, സതീശൻ, ബിജു പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ശ്രീക്കുട്ടൻ, അമൽ, വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി, ഡ്രൈവർ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
