രാമങ്കരി: പ്രദീപ് തേവലക്കരയുടെ ബിയോണ്ട് ദി ആർട്ട് ഗാലറിയിലെ പെയിന്റിംഗുകൾക്ക് നക്ഷത്രങ്ങളേക്കാൾ തിളക്കം. ഇതരസംസ്ഥാനക്കാർ മുതൽ വിദേശിയരായ ടൂറിസ്റ്റുകൾ വരെ ഇവിടത്തെ നിത്യസന്ദർശകർ.പാബ്ല ോനെരൂദ, പിക്കാസോ, രവിവർമ തുടങ്ങിയ മഹാരഥന്മാരുടെ പ്രശസ്തമായ പെയിന്റിംഗുകൾക്കൊപ്പം നാട്ടിലെ മറ്റ് പ്രമുഖരായ ചിത്രകാരന്മാരുടെയും മനോഹരമായ പെയിന്റിംഗുകൾ കൂടി ഉൾപ്പെടുത്തി ചങ്ങനാശേരിയിലെ ബൈപാസ് റോഡിലായി ഒരുക്കിയിട്ടുള്ള ആർട്ട് ഗാലറിയിലേക്ക് അറിയാതെ ഒന്ന് കണ്ണുടക്കിയാൽ പോലും പിന്നെ നിമിഷങ്ങൾ മിന്നിമറയുന്നത് അറിയില്ല.
ചെറുപ്പത്തിൽ ചിത്രകലയെയും കവിതയെയും നെഞ്ചിലേറ്റിയ പ്രദിപ്, താൻ കാണുന്നതെന്തും കാൻവാസിലേക്ക് പകർത്തിവയ്ക്കുന്ന ശീലത്തിനുടമയായിരുന്നു. ചങ്ങനാശേരി എസ്ബി കോളജിലെ ബിരുദ പഠനകാലത്തെ തന്റെ ആത്മസുഹൃത്തായിരുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുൾപ്പെടെയുള്ള ആളുകളുമായി ചേർന്ന് നടത്തിയ വിവിധ കലാ പ്രവർത്തനങ്ങൾക്കൊപ്പം തന്റെ പാഷൻ നന്നായറിയുന്ന കുടുംബം നല്കിയ പ്രോത്സാഹനവുമാണ് ഇങ്ങനെ ഒരു ആർട്ട് ഗാലറിക്ക് രൂപം നല്കാൻ കാരണം.
ചിത്രരചനയ്ക്കും കവിതാരചനയ്ക്കും പുറമേ നിരവധി കഥകളും എഴുതിയിട്ടുള്ള പ്രദീപ് നല്ലൊര് ഷോർട്ട് ഫിലിം ഡയറക്ടർ കൂടിയാണ്. പഞ്ചർ എന്ന ഷോർട്ട് ഫിലിം വളരെ പ്രശസ്തമാണ്. ബിരുദ പഠനത്തിനുശേഷം വിദേശത്തേക്കു പോയെങ്കിലും തന്റെ കലാപരമായ കഴിവുകൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല.
അതിനാൽ കുവൈറ്റിലെ ഒരു കന്പനിയിൽ മാർക്കറ്റിംഗ് മാനേജരായി ദീർഘകാലത്തെ സേവനത്തിനുശേഷം നാട്ടിലേക്കെത്തിയ ഉടനെ തന്നെ തന്റെ കലാപരമായ കഴിവുകൾ വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു.ഭാര്യ ബൈറ്റി കുവൈറ്റ് യൂണിവേഴ്സിറ്റി അധ്യാപിക യാണ്. മക്കൾ എമിൽ പിജി വിദ്യാർഥി (ജർമനി), അമലു പിജി വിദ്യാർഥി (യുകെ).
