ആലപ്പുഴ: വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണി പുതുജീവിതത്തിലേക്ക്.വിധിയെ തോൽപ്പിച്ച് ആലപ്പുഴ സ്വദേശി ആവണിയെ ജീവിതത്തിലേക്കു ചേർത്തുപിടിക്കുകയായിരുന്നു തുമ്പോളി വളപ്പിൽ വീട്ടിൽ വി.എം. ഷാരോൺ. വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആവണിയെ ആശുപത്രിയിൽ വച്ചാണ് ഷാരോൺ താലി ചാർത്തിയത്. രണ്ടു മാസത്തെ ചികിത്സയ്ക്കുശേഷം ഇരുവരും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.
കഴിഞ്ഞവർഷം നവംബർ 21നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹദിവസം പുലർച്ചെ മൂന്നോടെ മേക്കപ്പിനായി കുടുംബാംഗങ്ങൾക്കൊപ്പം കുമരകത്തേക്കു പോകുന്നതിനിടെ ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്കു മാറ്റി.
ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ പൂർത്തിയാക്കിയശേഷമാണ് ക്ഷേത്രസന്നിധിയിൽ ഇരുവരും വിവാഹിതരായത്. ചേർത്തല ബിഷപ് മൂർ സ്കൂൾ അധ്യാപികയാണ് ആവണി. ചേർത്തല കെവിഎം കോളജ് ഓഫ്എൻജിനിയറിംഗ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ അസി. പ്രഫസറാണ് ഷാരോൺ.
