തോറ്റെങ്കിലും മോദിക്ക് ബിജെപിയില്‍ ഇതു വിജയം തന്നെ, യോഗി ആദിത്യനാഥെന്ന എതിരാളിയെ സമര്‍ഥമായി നിശബ്ദനാക്കി, ഹിന്ദി ഹൃദയഭൂമിയില്‍ അടിതെറ്റിയെങ്കിലും മോദിക്ക് ആശ്വാസമായത് ഇക്കാര്യങ്ങള്‍ തന്നെ

തന്ത്രങ്ങളുടെ ആശാനെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി അടിതെറ്റിയെങ്കിലും നേട്ടം മോദിക്ക് തന്നെയാണ്. കോണ്‍ഗ്രസ് മറുവശത്ത് ശക്തമായി തിരിച്ചുവന്നുവെന്നത് ശരിതന്നെ, പക്ഷേ ഇപ്പുറത്തെ പരാജയത്തില്‍ മോദി പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനായെന്നതാണ് വാസ്തവം. രണ്ടു എതിരാളികളെ ഒറ്റയടിക്കു നിശബ്ദനാക്കാന്‍ മോദിക്കായി.

ആര്‍എസ്എസ് ആശീര്‍വാദത്തോടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ (2019ല്‍ അല്ല) അവതരിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യ എതിരാളി. രണ്ടാമന്‍ മധ്യപ്രദേശിലെ ബിജെപിയുടെ ജനകീയ മുഖ്യമന്ത്രിയായ ശിവ്‌രാജ് സിംഗ് ചൗഹാനും. മോദിയുമായി അടുപ്പമുണ്ടെങ്കിലും യോഗി അടുത്തിടെ ബിജെപിയുടെ മുഖമാകാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മോദിയെക്കാള്‍ പൊതുയോഗങ്ങളില്‍ നിറഞ്ഞു നിന്നത് തീവ്രഹിന്ദുത്വത്തിനായി വാദിക്കുന്ന യോഗിയായിരുന്നു. അങ്ങനെ നാലു സംസ്ഥാനങ്ങളിലെ 74 യോഗങ്ങളില്‍ യോഗി പ്രസംഗിച്ചു കയറി. പക്ഷേ ഈ 74ല്‍ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി എട്ടുനിലയില്‍ പൊട്ടി.

മറുവശത്ത് കേവലം 32 യോഗങ്ങളില്‍ മാത്രമാണ് മോദി പ്രസംഗിച്ചത്. ഇവിടെ പലയിടത്തും ബിജെപി ജയിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ മാത്രമാണ് യോഗിക്ക് ആളെ ആകര്‍ഷിക്കാന്‍ സാധിക്കൂവെന്ന സൂചന തന്നെ നല്കാന്‍ ഈ തോല്‍വികള്‍ മോദിയെ സഹായിച്ചു. യോഗിയെ മുന്നില്‍ നിര്‍ത്തിയാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടില്ലെന്ന് ആര്‍എസ്എസ് നേതൃത്വത്തോട് പറയാതെ പറയാനും മോദി ക്യാംപിനായി.

ചൗഹാനെ നിശബ്ദനാക്കാനും മധ്യപ്രദേശിലെ തോല്‍വി മോദിയെ സഹായിക്കും. എന്നും മോദി വിരുദ്ധ പക്ഷത്തിന്റെ നേതാവായിരുന്നു ചൗഹാന്‍. മധ്യപ്രദേശില്‍ പാര്‍ട്ടി പ്രചാരണം ഈ സൗമ്യമുഖത്തെ കേന്ദ്രീകരിച്ചായിരുന്നു ബിജെപി നടത്തിയതും. ഭരണം ലഭിക്കാതെ വന്നതോടെ ചൗഹാനും പിന്‍നിരയിലേക്ക് മാറേണ്ടിവരും. രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യയുടെ പ്രാധാന്യവും ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും. അവരും മോദിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല.

രാജസ്ഥാനിലും മധ്യപ്രദേശിലും ഇത്തവണ ഭരണം ബിജെപി നിലനിര്‍ത്തിയിരുന്നെങ്കില്‍ അത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേനെ. ഇപ്പോള്‍ പ്രതിപക്ഷത്തായതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രചാരണം നടത്താന്‍ ബിജെപിക്ക് സാധിക്കും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൗശലക്കാരനായ മോദിയെ സംബന്ധിച്ചിടത്തോളം തോല്‍വി കൂടുതല്‍ സാധ്യതകളാണ് അദേഹത്തിന്റെ മുന്നില്‍ തുറന്നിടുന്നത്.

Related posts