കൊച്ചി: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് തര്‍ക്കം തുടരുന്നത്. ഉദ്വേഗമുള്ള മണ്ഡലങ്ങള്‍ മുഴുവന്‍ രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചാണ് കോണ്‍ഗ്രസ് ആദ്യ പട്ടിക ഇറക്കിയത്. കെ ബാബു സ്വയം പിന്മാറിയ തൃപ്പൂണിത്തുറയിലും എല്‍ദോസ് കുന്നപ്പിള്ളി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പെരുമ്പാവൂരിലും ആരാണ് വരികയെന്നറിയാന്‍ രണ്ടാം പട്ടിക വരെ കാത്തിരിക്കണം.
കൊച്ചി സീറ്റിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്.
പട്ടികയില്‍ നോമിനികളുടെ പ്രാതിനിധ്യം കുറയുന്നതില്‍ കടുത്ത അതൃപ്തിയിലാണ് വി.ഡി. സതീശന്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ മത്സരിപ്പിക്കണമെന്നാണ് വി.ഡി. സതീശന്റെ വാദം. എന്നാല്‍ ദീപ്തി മേരി വര്‍ഗീസിനെ കൊച്ചിയില്‍ പരിഗണിക്കണമെന്നാണ് കെ.സി. വേണു ഗോപാലിന്റെ നിലപാട്.
കോണ്‍ഗ്രസ് സമ്പൂര്‍ണ വിജയ പ്രതീക്ഷവച്ചു പുലര്‍ത്തുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിന്‍, പെരുമ്പാവൂര്‍ സീറ്റുകളെ സംബന്ധിച്ചും തര്‍ക്കം തുടരുകയാണ്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കു പകരം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന മനോജ് മൂത്തേടനും ഉല്ലാസ് തോമസുമാണ് പരിഗണനയില്‍.
