പരവൂർ: രാജ്യത്ത് ട്രാക്കുകളുടെ വൈദ്യുതീകരണം ഏറെക്കുറെ പൂർത്തിയായ സ്ഥിതിക്ക് ഡീസൽ എൻജിനുകൾ പൂർണമായും ഒഴിവാക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. ഏതാനും മാസങ്ങൾക്കുള്ളിൽ പാളങ്ങളിൽ നിന്ന് ഡീസൽ എൻജിനുകൾ അപ്രത്യക്ഷമാകും. ഇതോടെ കോടിക്കണക്കിന് രൂപയുടെ അധിക ചെലവ് ഒഴിവാക്കാൻ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
രാജ്യത്ത് ഇതിനകം ട്രെയിനുകൾ ഡീസൽ എൻജിനിൽ നിന്ന് വൈദ്യുതി എൻജിനിലേക്ക് മാറ്റിയതിലൂടെ മാത്രം റെയിൽവേയ്ക്ക് 6,000 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി. ഊർജത്തിനായുള്ള ഭീമമായ ചെലവ് കുറയ്ക്കാൻ വൈദ്യുതികരണത്തിലൂടെ സാധിച്ചിട്ടുണ്ട്.
മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം 2014 ന് ശേഷം രാജ്യത്ത് 35,000 കിലോമീറ്റർ പുതിയ റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചു. മാത്രമല്ല 27,000 കിലോമീറ്റർ പാത വൈദ്യുതീകരിക്കുകയും ചെയ്തു. റെയിൽവേയുടെ നിലവിലെ ചെലവുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ജീവനക്കാരുടെ ശമ്പളമാണ്. രണ്ടാമത്തേത് ഊർജ സംബന്ധിയായ ചെലവുകളുമാണ്.
ഡീസൽ ലോക്കോമോട്ടീവുകൾക്ക് പകരം പൂർണമായും വൈദ്യുത ലോക്കോമോട്ടീവുകൾ വരുന്നതോടെ ഊർജ ചെലവിൽ ഇനിയും വലിയ കുറവുണ്ടാകും. റെയിൽ ബജറ്റിനെ പൊതു ബജറ്റുമായി ലയിപ്പിച്ചപ്പോൾ മന്ത്രാലയത്തിനുള്ള സാമ്പത്തിക സഹായത്തിൽ ഗണ്യമായ വർധനയും ഉണ്ടായിട്ടുണ്ട്. ഇത് കാരണം പുതിയ ട്രെയിനുകളും നിരവധി പുതിയ പദ്ധതികളും വർഷംതോറും ആരംഭിക്കാനും മന്ത്രാലയത്തിന് സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
റെയിൽവേയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിനൊപ്പം കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിലെ സുതാര്യതയും വർധിച്ചിട്ടുണ്ട്. പൂർണമായും ഐടി അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിച്ചാണ് മന്ത്രാലയത്തിന്റെ സാമ്പത്തിക കണക്കുകൾ വിശകലനം ചെയ്യുന്നത്. ഇതിന് കൃത്യമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
- എസ്.ആർ. സുധീർ കുമാർ
