പത്തനംതിട്ട: വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം താന്‍ തന്നെയാകും നയിക്കുകയെന്ന സൂചനയും പിണറായി വിജയന് നല്കി. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളോടെയാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മുഖ്യമന്ത്രി എത്തിയത്.ശബരിമല സ്വര്‍ണക്കൊള്ളയടക്കം വിവാദ വിഷയങ്ങള്‍ നിലനില്ക്കുമ്പോള് മുഖ്യമന്ത്രിയുടെ സാന്നിധ്യം ശ്രദ്ധേയമായി.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിച്ചു നടത്തുന്ന മേഖല ജാഥയുടെ ക്രമീകരണം അടക്കം ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.പത്മകുമാറിനെതിരേ ആദ്യം നടപടി ആവശ്യപ്പെട്ടതടക്കമുള്ള വിഷയങ്ങള്‍ പത്തനംതിട്ടയില്‍ നിന്നുയര്‍ന്നിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും യോഗത്തില്‍ പങ്കെടുത്തു. ഇന്ന് ജില്ലാ കമ്മിറ്റിയോഗം ചേരും.
