പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുന്നുവെന്ന ആക്ഷേപവുമായി ജില്ലയിലെ ഉച്ചഭാഷിണി ഉടമകൾ. ജില്ലയിലെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാതെ സമീപജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കാനാണ് ഭാവമെങ്കില്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് കേരള ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമുള്ള ഉച്ചഭാഷിണികളാണ് പ്രചാരണ വാഹനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാല്‍ പൊതുസമ്മേളനങ്ങള്‍ക്ക് തങ്ങളുടെ സംവിധാനങ്ങള്‍ ആവശ്യപ്പെട്ടെത്തുന്നുണ്ട്. ഇതിനോടു യോജിക്കാനാകില്ലെന്നും സമ്മേളനത്തിനു മാത്രമായി മൈക്ക് നല്‍കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലയില്‍ 400 ഓളം ഉച്ചഭാഷിണി ഉടമകളും നൂറു കണക്കിന് ജീവനക്കാരുമുണ്ട്. ഇവരെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. പൊതുരംഗത്തുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണന തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഉടമകളും ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്നായിരിക്കും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ. വി. ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം മനോജ് ഏബ്രഹാം, പത്തനംതിട്ട മേഖല പ്രസിഡന്റ് അംബി ബ്രദേഴ്സ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
