പാലക്കാട്: പെരിങ്ങോട്ടക്കുറിശിയിലെ പരാജയത്തിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തി എ.വി. ഗോപിനാഥ്. സിപിഎം കാലുവാരിയെന്നാണ് എ.വി. ഗോപിനാഥിന്റെ ആക്ഷേപം.
സിപിഎമ്മിലെ തർക്കങ്ങൾ കാരണം ചിലയിടങ്ങളിൽ വോട്ട് ചോർന്നു. താൻ മത്സരിച്ച വാർഡുകളിൽ ഉൾപ്പെടെ അത് പ്രതിഫലിച്ചു. തോൽവി അപ്രതീക്ഷിതമാണ്. എൽഡിഎഫിനൊപ്പം തുടരും. പെരിങ്ങോട്ടുകുറിശിയിൽ എൽഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാം വാർഡായ ബൊമ്മണ്ണിയൂരിൽ 130 വോട്ടുകൾക്കാണ് ഗോപിനാഥ് തോറ്റത്.
അതേസമയം, പെരിങ്ങോട്ടുകുറിശിയില്‍ ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം എട്ട് എണ്ണത്തിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബിജെപി രണ്ട് സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.
പെരിങ്ങോട്ടുകുറിശിയില്‍ ഭരണം തുലാസിലാക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കണക്കുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പതിനൊന്നും സിപിഎമ്മിന് അഞ്ചും സീറ്റുകളാണുള്ളത്. രണ്ട് വാര്‍ഡുകളാണ് ഇത്തവണ പുതിയതായി ചേര്‍ത്തത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടത്. 2023-ല്‍ നവകേരള സദസില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു.
25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എ.വി. ഗോപിനാഥ് 1991-ല്‍ ആലത്തൂരില്‍ നിന്നും നിയമസഭയിലും എത്തിയിരുന്നു. പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്നു എ.വി. ഗോപിനാഥ്.
