എസ്എസ്എല്‍സി തുടങ്ങി എഴുതിയ പരീക്ഷകളിലെല്ലാം റാങ്ക്! ഇടുക്കി പദ്ധതിയുടെ മുഖ്യ സൂത്രധാരന്‍, സാഹിത്യത്തിന്റെ എല്ലാശാഖകളിലും സംഭാവനകള്‍; പ്രഭാഷണത്തില്‍ അഗ്രഗണ്യന്‍; ഡോ. ഡി. ബാബു പോള്‍ വിടവാങ്ങിയപ്പോള്‍ കേരളത്തിന് നഷ്ടമായത് ഒരു പ്രതിഭയെ

വിവിധ വിശേഷണങ്ങള്‍ സ്വന്തം പേരിലാക്കിയശേഷം വിട പറയുന്ന വ്യക്തിയാണ് ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, മികച്ച ഭരണാധികാരി അങ്ങനെ വിവിധ മേഖലകളില്‍ മായാത്ത ഇടം സ്ഥാപിച്ച ഡോ. ഡി.ബാബുപോള്‍. ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ച്, പ്രഭാഷണ മേഖലയില്‍ ശ്രദ്ധയൂന്നിയാണ് ജനമനസുകളില്‍ ബാബു പോള്‍ ഇടം പിടിച്ചത്.

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെയും വടക്കന്‍ തിരുവിതാകൂറിലെയും ആദ്യകാല ബിരുദാനന്തരബിരുദധാരികളില്‍ ഒരാളായിരുന്ന പി എ പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും 1920കളില്‍ തിരുവിതാംകൂറില്‍ ഒന്നാം റാങ്കോടെ ഇ എസ് എല്‍ സി ജയിച്ച മേരി പോളിന്റെയും മകനാണ് ബാബുപോള്‍. 1941ല്‍ ജനിച്ചു. ആദ്യത്തെ പ്രസംഗം 1946 ല്‍ അഞ്ചാംവയസ്സില്‍. അന്നേ അദ്ദഹത്തിനെ കേള്‍ക്കാന്‍ ആളുണ്ടായിരുന്നു.

ചെറിയ പുള്ളിയൊന്നുമായിരുന്നില്ല, അദ്ദേഹം. എസ്എസ്എല്‍സിക്ക് മൂന്നാം റാങ്ക്, സ്‌കോളര്‍ഷിപ്പോടെ തിരുവനന്തുപുരം എഞ്ചിനീയറിങ് കോളജില്‍ ഉപരിപഠനം . സിവില്‍ എന്‍ജിനീയറിംഗ് പാസായി 21 വയസ്സില്‍ സര്‍ക്കാര്‍ കോളജ് അധ്യാപകനായി. തുടര്‍ന്ന് സിവില്‍ സര്‍വീസ് എഴുതി. ഐഎഎസ് ഏഴാം റാങ്കോടെ നേടി . കൊല്ലം സബ്കലക്ടറായി തുടക്കം അതും ദിവാന്‍ സര്‍ ടി. മാധറാവവിന്റെ അതേ കസേരയില്‍ ഇരുന്ന്. വിവിധ സ്ഥാപനങ്ങളുടെ തലവന്‍, വിവിധ വകുപ്പുകളുടെ ചുമതലക്കാരന്‍, ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളില്‍ ഭരണമികവും നേതൃപാടവവും തെളിയിച്ചു.

ഇടുക്കി പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കിയതിന് അച്യുത മേനോന്‍ മന്ത്രിസഭ പ്രത്യേക പുരസ്‌കാരമായി അന്ന് പതിനായിരം രൂപ നല്കിയത് മലയാളിക്ക് മറക്കാന്‍ സാധിക്കില്ല. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങള്‍ മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ്. 55 ാം വയസ്സില്‍ ചീഫ് സെക്രട്ടറിയുടെ റാങ്കുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറിയായി. 59വയസ്സില്‍ സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു. ഇപ്പോള്‍ കിഫ്ബിയില്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അംഗം.

മലയാളത്തിലെ ആദ്യ ബൈബിള്‍ നിഖണ്ഡുവായ വേദ ശബ്ദ രത്‌നാകരം മാത്രം മതി ബാബുപോളിന്റെ പേര് എന്നെന്നും നിലനില്‍ക്കാന്‍. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടെ എല്ലാദിവസവും പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ അഞ്ചേമുക്കാല്‍ വരെ രണ്ടരമണിക്കൂര്‍ മുടക്കം കൂടാതെ ഒന്‍പതുവര്‍ഷകൊണ്ടാണ് ഈ ബൃഹദ്ഗ്രന്ഥം പൂര്‍ത്തിയാക്കിയത് കഥ ഇതുവരെ എന്നപേരില്‍ സര്‍വീസ് സ്റ്റോറി 2001 ല്‍ പ്രസിദ്ധീകരിച്ചു. ലേഖനസമാഹാരങ്ങളും നര്‍മ ലേഖനങ്ങളും സഞ്ചാരസാഹിത്യവും ബാലസാഹിത്യവും പഠനങ്ങളുമുള്‍പ്പെടെ സാഹിത്യത്തിന്റെ എല്ലാശാഖകളിലും അദ്ദേഹം കൈവച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയെ പറ്റി എഴുതിയ ഫ്രാന്‍സിസ് വീണ്ടും വന്നു എന്ന കൃതി അടുത്തകാലത്ത് ഏറെ ശ്രദ്ധനേടിയവയിലൊന്നാണ്. അച്ചന്‍, അച്ഛന്‍, ആചാര്യന്‍ എന്ന ജീവചരിത്ര ഗ്രന്ഥം ഡോ. സി.എ. അബ്രഹാം, പി. ഗോവിന്ദപ്പിള്ള എന്നിവരോട് ചേര്‍ന്നാണ് രചിച്ചത്. ആകെ 35 പുസ്തകങ്ങള്‍ .സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. അറിവിനോട് മാത്രമായിരുന്നു ആസക്തി, ജീവത്തോട് അനാസക്തിയും. സ്വന്തം ചരമപ്രസംഗം പോലും നേരത്തെ രേഖപ്പെടുത്തിവച്ചു ആ മനസ് ദൈവം ആ ആഗ്രഹവും സാധിച്ചുകൊടുത്തു.

അവസാന നിമിഷം വരെ കര്‍മനിരതമായിരുന്നു ആ ജീവിതം. ഏതാനും ദിവസം മുമ്പ് എന്‍.ഡി.എയുടെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തത് ബാബുപോളാണ്. അവസാനത്തെ പൊതുപരിപാടിയും ഇതുതന്നെ. ഭാര്യ പരേതയായ അന്ന ബാബു പോള്‍. മക്കള്‍ :മറിയം ജോസഫ്,ചെറിയാന്‍ സി പോള്‍. കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറി ആയിരുന്ന കുര്യാക്കോസ് റോയ് പോള്‍ ഏക സഹോദരന്‍ . ജീവിതത്തിന്റെ തത്വശാസ്ത്രത്തെക്കുറിച്ച് ഒരിക്കല്‍ ബാബുപോള്‍ ഇങ്ങനെ പറഞ്ഞു. ദൈവത്തില്‍ നിന്ന് വലിയകാര്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തിന് വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക.

Related posts