ബംഗളുരു നഗരത്തിലെ ശ്വാസം മുട്ടിക്കുന്ന ട്രാഫിക്കിനെ തന്‍റെ ആരോഗ്യവുമായി ബന്ധപ്പെടുത്തി യുവാവ് സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത അഭിപ്രായമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗതാഗത കുരുക്കിനെ ശപിക്കുന്നതിനു പകരം, അത് തനിക്ക് ആരോഗ്യകരമായ ജീവിതം പകര്‍ന്നുവെന്നാണ് ഇദ്ദേഹത്തിന്‍റെ വാദം.
ജനപ്രീതി കിട്ടാനിടയില്ലാത്ത ഒരു അഭിപ്രായം പറയാമെന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. “വൈറ്റ് ഫീല്‍ഡ് മുതല്‍ കോറമംഗള വരെ എല്ലാദിവസവും വാഹനത്തില്‍ യാത്ര ചെയ്തിരുന്ന എനിക്ക് മണിക്കൂറുകള്‍ പാഴാകുമായിരുന്നു. നിരന്തരം സമ്മര്‍ദം അനുഭവിച്ചിരുന്നു. ഓഫീസ് ഡെസ്‌കില്‍ വച്ചുതന്നെ ആഹാരം കഴിക്കുകയും വ്യായാമം ഒഴിവാക്കേണ്ടി വരികയും ചെയ്തിരുന്നു. ഇപ്പോള്‍ ഞാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ എടുക്കുന്നു. ആഹാരം കഴിക്കാനായി റെസ്റ്റോറന്‍റുകളിലേക്ക് നടക്കുകയും അതിരാവിലെ വീടിനടുത്തുള്ള ജിമ്മില്‍ പോകുകയും ചെയ്യുന്നു”, പോസ്റ്റില്‍ പറയുന്നു.
ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. എന്തുതന്നെയായാലും ബംഗളുരു പോലെ അനുദിനം തിരക്കേറിവരുന്ന നഗരങ്ങളില്‍ വര്‍ക്കം ഫ്രം ഹോം ഓപ്ഷന്‍ ഉചിതമാണെന്ന കാര്യത്തില്‍ ഭൂരിപക്ഷം നെറ്റിസണ്‍സും യോജിക്കുന്നു.
ബംഗളുരുവിലെ ഗതാഗതക്കുരുക്ക് തന്നെ ആരോഗ്യവാനാക്കിയെന്ന് യുവാവിന്റെ കുറിപ്പ്
