ദമാമിൽ മലയാളി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ മുങ്ങി മരിച്ചു

അനിൽ കുറിച്ചിമുട്ടം
Damam_death_280217

ദമാം: സൗദി അറേബ്യയിലെ ദമാമിൽ മലയാളി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് ഇന്ത്യക്കാർ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശികളായ പടനായർകുളങ്ങര നവാസ് ബഷീർ-സൗമി ദമ്പതികളുടെ മക്കളായ സൗഹാൻ (ആറ്), സൗഫാൻ (നാല്) എന്നിവരാണ് മരിച്ച മലയാളികൾ. ദുരന്തത്തിൽ മരിച്ച മൂന്നാമനും ഇന്ത്യക്കാരനാണ്. ഗുജറാത്ത് സ്വദേശി ഹർദും (ആറ്) ആണ് ദുരന്തത്തിൽപെട്ട മൂന്നാമൻ.

തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് ദുരന്തമുണ്ടായത്. ദമ്മാം ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ കുടുംബം താമസിച്ചിരുന്ന കോന്പൗണ്ടിലെ സ്വിമ്മിംഗ് പൂളിൽ കുട്ടികൾ ഇറങ്ങിയതാണ് അപകടത്തിന് കാരണമായത്. ദീർഘകാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന സ്വിമ്മിംഗ് പൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു.
ഇത് കാണാനെത്തിയ കുട്ടികൾ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാം എന്നാണ് നിഗമനം.

ദമ്മാം ഇന്ത്യൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച സൗഹാൻ.
ഇതേ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് സൗഫാൻ. ദമ്മാം മെഡിക്കൽ സെന്‍റർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.

കുട്ടികളുടെ മരണത്തിൽ അനുശോചിച്ചു ദമ്മാം ഇന്ത്യൻ സ്കൂളിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts