ആരോഗ്യമുള്ള പല്ലുകളുടെ സംരക്ഷണത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ബ്രഷിംഗ്. ബ്രഷിംഗിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റുമാണു പ്രധാനമായും ഉപയോഗിക്കന്നത്. ഇവയെ കൂടാതെ ഡെന്റൽ ഫ്ളോസ്, പല്ലിട ശുചീകരണ ബ്രഷ്, വാട്ടർ ഇറിഗേഷൻ ഉപകരണങ്ങൾ, ടംഗ് ക്ലീനറുകൾ എന്നിവയും ഉപയോഗിക്കുന്നു. പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഭക്ഷണമാലിന്യങ്ങളും പ്ലാക്കും നീക്കം ചെയ്യുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. ഇവ നീക്കം ചെയ്യാത്തതുമൂലം ദന്തക്ഷയം, പല വിധ മോണരോഗങ്ങൾ, വായ്നാറ്റം എന്നിങ്ങനെയുള്ള അവസ്ഥകൾ കാലക്രമേണ ഉണ്ടാകുന്നു. ആയതിനാൽ നിത്യേനയുള്ള വായയുടെ ശുചീകരണം ആവശ്യമാണ്.
പല്ലുകളും മോണയും വൃത്തിയാക്കുന്നതിനായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഉപകരണമാണു ടൂത്ത് ബ്രഷ്. എല്ലാ ദിവസവും രാവിലെയും രാത്രിയിൽ ഉറങ്ങുന്നതിനുമുന്പും ഫ്ളൂറൈഡ് അടങ്ങിയിട്ടുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ബ്രഷ് ചെയ്യണം.
ടൂത്ത് ബ്രഷ് എന്തിന്?
- പല്ലുകളും അവയ്ക്കിടയും വൃത്തിയാക്കാൻ.
- പ്ലാക്കിന്റെ രൂപീകരണം തടയാൻ * പ്ലാക്ക് നീക്കം ചെയ്യാൻ
- നാക്ക് വൃത്തിയാക്കാൻ
ടൂത്ത് ബ്രഷുകൾ പലതരം
ടൂത്ത് ബ്രഷുകൾ പല തരത്തിൽ ലഭ്യമാണ്. ഇവ ഓരോന്നിനും പ്രത്യേക ഉപയോഗങ്ങളുമുണ്ട്. മാനുവൽ ടൂത്ത് ബ്രഷ്, പവർഡ് ടൂത്ത് ബ്രഷ്, സോണിക് അൾട്രാ സോണിക് ടൂത്ത് ബ്രഷ്, അയോണിക് ടൂത്ത് ബ്രഷുകൾ, തിംബിൾ ബ്രഷ്, പല്ലിട ശുചീകരണ ബ്രഷ് എന്നിവയൊക്കെയാണ് ലഭ്യമായ വിവിധതരം ടൂത്ത് ബ്രഷുകൾ.
മാനുവൽ ടൂത്ത് ബ്രഷ്
- സാധാരണ നമ്മൾ ഉപയോഗിക്കുന്ന എല്ലാ ബ്രഷും മാനുവൽ ട്രൂത്ത് ബ്രഷിന്റെ ഗണത്തിൽ പെടുന്നതാണ്. വലുപ്പം, ആകൃതി, ഘടന എന്നിവയിൽ വ്യക്തിഗത ആവശ്യകത അനുസരിച്ചു നിർമിച്ചിട്ടുള്ളവയാണ് മാനുവൽ ടൂത്ത് ബ്രഷ്. ഇവയ്ക്ക് വായയുടെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാൻ എളുപ്പമാണ്.
- ഇലക്്ട്രിക്/പവർ ടൂത്ത് ബ്രഷ്
ഇത് ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഇതിന്റെ അഗ്ര ഭാഗം മാറ്റാവുന്ന തരത്തിലുള്ളതാണ്. മിക്കവയിലും ഹെഡ് 180°കറങ്ങി തിരിച്ചു വരുന്ന രീതിയിലാണ് ഈ ബ്രഷുകൾ നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഗുണം ഇതിൽ നമുക്ക് അമിതമായ ബലം പ്രയോഗിക്കാൻ സാധിക്കില്ല എന്നുള്ളതാണ്.
ബ്രഷിൽ അമിതമായ ബലം കൊടുത്ത് പല്ലു തേയ്ക്കുന്നത് പല്ലിന്റെ തേയ്മാനത്തിനും ഇനാമൽ നഷ്ടപ്പെടുന്നതിനും കാരണമാകും. ഇത്തരം ശീലമുള്ളവർക്ക് പവർബ്രഷ് വാങ്ങി ഉപയോഗിക്കാവുന്നതാണ്. അതുപോലെ മറ്റൊരാളുടെ സഹായത്താൽ പല്ലു തേക്കേണ്ടിവരുന്ന രോഗാവസ്ഥയിലുള്ളവർക്കും ഈ ബ്രഷ് ഉപയോഗിക്കാവുന്നതാണ്. ശാരീരികമായ തളർച്ചയുള്ളവർ, കൈക്ക് ബലക്കുറവുള്ളവർ, കൈ വലിപ്പിച്ചു ബ്രഷ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ, സഹായിക്കുന്ന ആൾക്കാർ ബ്രഷ് ചെയ്യിപ്പിക്കുന്നതായി വരുന്ന സാഹചര്യം ഇതിനെല്ലാം പവേർഡ് ടൂത്ത് ബ്രഷ് അഥവാ മോട്ടറൈസ്ഡ് ടൂത്ത് ബ്രഷ് വളരെ സഹായകരമാണ്. ബാറ്ററി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന ഈ ബ്രഷ് 300-600 രൂപയ്ക്കു ലഭിക്കും..
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
