പയ്യന്നൂര്‍: പയ്യന്നൂരിലെ മൂവായിരത്തിലേറെ വര്‍ഷം പഴക്കമുള്ള മഹാശിലായുഗ സ്മാരകങ്ങള്‍ പുരാവസ്തുവകുപ്പിന്റെ സഹായത്തോടെ സംരക്ഷിക്കുന്നതിന്റെ മുന്നോടിയായി ഉത്ഖനനം തുടങ്ങുന്നു. പുരാവസ്തു വകുപ്പ് കോഴിക്കോട് പഴശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫീസര്‍ കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരിവെള്ളൂരില്‍ ഉത്ഖനനം നടത്തുന്നത്.
പുളിങ്ങോം ഇടവരമ്പ് മുതല്‍ ഏഴിമലവരെ മൂവായിരം വര്‍ഷം മുമ്പുള്ള ജനജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായ മഹാശിലാ സ്മാരകങ്ങളില്‍ പലതും നശിച്ചുകൊണ്ടിരിക്കുകയാണ്. ഇരുമ്പുയുഗ സംസ്കൃതിയുടെ ഭാഗമായ ഏച്ചിലാംവയലിലെ തീയത്തിമാളിക, കരിവെള്ളൂര്‍ ചെമ്പോട്ടിക്കുന്നിലെ കുടക്കല്ലുകള്‍ എന്നിവ ഇതില്‍ ചിലതുമാത്രമാണ്.
പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇവയെല്ലാം സന്ദര്‍ശിച്ചിരുന്നു. പിന്നീട് എംഎല്‍എ വി.കുഞ്ഞികൃഷ്ണന്റെ ഇടപെടലില്‍ ചരിത്രത്തിന്റെ തിരുശേഷിപ്പുകളുള്ള സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ ചില സ്ഥലമുടമകള്‍ തയ്യാറായതോടെയാണ് ഇവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുത്തത്. സ്ഥലമുടമകളുടെയും നാട്ടുകാരുടെ സഹകരണത്തോടെയും ഇവയെല്ലാം സംരക്ഷിക്കാനുള്ള പദ്ധതിയാണൊരുങ്ങുന്നത്.
ഈ മാസം അവസാനത്തോടെ കരിവെള്ളൂരിലാണ് എട്ടംഗസംഘം രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഉത്ഖനനം ആരംഭിക്കുന്നത്. കരിവെള്ളൂരിന്റെ പ്രാചീന ചരിത്രത്തിലേക്ക് വഴിതുറക്കുന്ന കരിവെള്ളൂര്‍ പെരികമനയിലെ നാരായണന് നമ്പൂതിരിയുടെ വീട്ടുപറമ്പിലെ വീണുകിടക്കുന്ന കുടക്കല്ലുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള പ്രവര്ത്തനമുള്പ്പെടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എട്ട് കുടക്കല്ലുകള്‍ ഉള്‍പ്പെടുന്ന സ്ഥലം വിട്ടുകൊടുക്കാന്‍ ഉടമ തയ്യാറായതിനെ തുടര്‍ന്നാണ് നടപടി.
ആവശ്യമായ ഇടങ്ങള്‍ കുഴിച്ച് പരിശോധിക്കലും ഗവേഷണങ്ങളും ഇതിന്റെ ഭാഗമായി നടക്കും. കരിവെള്ളൂരിലെ പഠനങ്ങള്‍ക്കുശേഷം ശ്രീകണ്ഠാപുരത്തും തിമിരിയിലും ഗവേഷണം നടത്താനും പദ്ധതിയുണ്ട്.പുരാവസ്തു വകുപ്പ് കോഴിക്കോട് പഴശ്ശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫിസര്‍ കൃഷ്ണരാജ്, അധ്യാപകനും ചരിത്രകാരനുമായ ഡോ. ഇ. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലണ് ഉത്നനവും പഠനങ്ങളും നടക്കുന്നത്.
ശാസ്ത്രപഠനരംഗത്ത് ശ്രദ്ധേയമായ ഏച്ചിലാംവയല്‍ വാനനിരീക്ഷണ കേന്ദ്രത്തിന്റെ താഴെയായി കിടക്കുന്ന മഹാശിലായുഗ ഗുഹകള്‍ ഉത്ഖനനം നടത്തി സജ്ജമാക്കിയാല്‍ പ്രാദേശിക ചരിത്രപഠനത്തിന് നല്ല മാതൃകയായി മാറുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിലൂടെ ടൂറിസം സാധ്യതകളും തുറന്നുകിട്ടും. ചരിത്ര ഗവേഷകരുടെയും പഠിതാക്കളുടെയും ഏറെക്കാലത്തെ ആഗ്രഹമാണ് സഫലീകരിക്കാനൊരുങ്ങുന്നത്.
