ഉപ്പുതറ: ചീന്തലാറിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിചെയ്തിരുന്ന ഏലച്ചെടികൾ വെട്ടി നശിപ്പിച്ചതായി പരാതി. വലിയ പുരയ്ക്കൽ വി.ജി. ഗണശൻ, വസന്ത ഭവനിൽ പളനിവേൽ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. പീരുമേട് ടീ കന്പനിയുടെ ഭൂമിയാണിത്. കന്പനി പൂട്ടിയതോടെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തേയിലത്തോട്ടവും തരിശു ഭൂമിയും ഏറ്റെടുത്ത് തൊഴിലാളികൾക്ക് വീതിച്ചുനൽകിയിരുന്നു. മിച്ചമുള്ള ഭൂമി ഓരോ ട്രേഡ് യൂണിയനും കൈവശംവച്ചിരുന്നു.
ഇങ്ങനെ ബിഎംഎസ് യൂണിയൻ കൈവശംവച്ചിരുന്ന സ്ഥലം അതേ യൂണിയനിൽപ്പെട്ട ഗണേശനും പളനി വേലിനും കൃഷി ചെയ്യാൻ പാട്ടത്തിന് നൽകി. ഉടന്പടി വ്യവസ്ഥയിലെ തർക്കം പലതവണ പോലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ, ഉടന്പടി കാലാവധി സംബന്ധിച്ച പ്രശ്നം ശാശ്വതമായി പരിഹരിച്ചിരുന്നില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഏലച്ചെടികൾ വെട്ടിനശിപ്പിക്കപ്പെട്ടത്.
മോട്ടോറും ടാങ്കും പൈപ്പുകളും നശിപ്പിച്ചിട്ടുണ്ട്. ബിഎംഎസ് നേതാക്കളുടെ അറിവോടെയാണ് കൃഷി നശിപ്പിച്ചതെന്നാരോപിച്ച് ഗണേശനും പളനിവേലും ഉപ്പുതറ പോലീസിൽ പരാതി നൽകി. ആറ് ലക്ഷത്തോളം രൂപ നഷ്ടമുണ്ടെന്ന് പരാതിയിൽ പറയുന്നു.
