എടത്വ: തോട്ടില്‍ മുങ്ങിത്താഴ്ന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സാഹസികമായി രക്ഷിച്ച് സുഹൃത്തുക്കള്‍. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ്മാതാ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാഥിയെയാണ് കൂട്ടുകാരായ പച്ച പടിഞ്ഞാറേ കാട്ടുങ്കല്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന് ഷാരോണ്‍ സെബാസ്റ്റ്യന്‍, പച്ച ചേന്ദങ്കര സിജോ ദേവസ്യയുടെ മകന് മൈക്കിള്‍ സി. സിജോ എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞദിവസം കൂട്ടുകാരുമൊത്ത് പന്തുകളിച്ച ശേഷം സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ ആഴമേറിയ സ്ഥലത്ത് മുങ്ങിത്താഴ്ന്ന വിദ്യാര്‍ഥിയെ കൂടെയുണ്ടായിരുന്ന മൈക്കിള്‍ പിടിച്ചുവലിച്ച് കരയ്ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഒറ്റയ്ക്കു കഴിഞ്ഞില്ല.
മറ്റു കുട്ടികളുടെ അലര്‍ച്ചകേട്ട് ഓടിയെത്തിയ ഷാരോണ്‍ മൈക്കിളിനൊപ്പം തോട്ടില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ഥിയെ കരയ്ക്കെത്തിക്കുകയായിരുന്നു. പച്ച അമര്‍ ജവാന് ട്രോഫി നടക്കുന്ന നട്ടയത്തില് കഴിഞ്ഞ വള്ളംകളി സീസണില്‍ ആഴം കൂട്ടിയിരുന്നു.
ഇവിടെയാണ് വിദ്യാര്‍ഥി മുങ്ങിത്താഴ്ന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ജീവന് രക്ഷിച്ച ഷാരോണിനെയും മൈക്കിളിനെയും പഞ്ചായത്തംഗം ബിജു ഫിലിപ്പ് അഭിനന്ദിച്ചു.
