കള്ളവോട്ടു ചെയ്തവര്‍ വിയര്‍ക്കും ! പിലാത്തറയിലെ കള്ളവോട്ടില്‍ മൂന്ന് സ്ത്രീകള്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു; സമാന ആരോപണത്തില്‍ കുടുങ്ങിയ എല്ലാവര്‍ക്കുമെതിരേ കേസെടുക്കാന്‍ ഉറച്ച് പോലീസ്…

കണ്ണൂര്‍: പിലാത്തറയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ സെലീന,സുമയ്യ,പത്മിനി എന്നീ മൂന്നുപേര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സമാന ആരോപണത്തില്‍ കുടുങ്ങിയ എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. മേല്‍പ്പറഞ്ഞ മൂവരും കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ ചെയതത് ഓപ്പണ്‍ വോട്ടാണെന്ന നിലപാടിലായിരുന്നു ഇവര്‍ മൂവരും. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തും. ഇവരെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സെലീനയെ പഞ്ചായത്ത് അംഗത്വത്തില്‍ നിന്ന് അയോഗ്യരാക്കാനുള്ള നടപടിയും ഉടന്‍ ഉണ്ടാവും.

പ്രാഥമീകമായ കേസെടുക്കല്‍ മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇവരെ പിന്നീട് ചോദ്യം ചെയ്യും. കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് സെലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മാണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ട് തെളിഞ്ഞവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇടതുപക്ഷ അനുഭാവികള്‍ കള്ളവോട്ട് ചെയ്തതായി വ്യക്തമായത്. ഈ ദൃശ്യങ്ങള്‍ പൊലീസ് തെളിവായി സ്വീകരിക്കും. ഈ തെളിവുകള്‍ കാരണമാണ് കേസ് എടുക്കേണ്ടിയും വന്നത്.

ഐപിസി 171 സി, 171 ഡി, 17 ഇ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്. കണ്ണൂര്‍ ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കള്ളവോട്ട് സ്ഥിരീകരിച്ചിരുന്നു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ഒരുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകള്‍ ചുമത്തുമെന്നും വ്യക്തമാക്കിയിരുന്നു. സ്വാധീനം ഉപയോഗിച്ചു മറ്റുള്ളവരുടെ അവകാശം നിഷേധിക്കുക, ആള്‍മാറാട്ടം നടത്തുക എന്നിവയാണു കുറ്റങ്ങള്‍. പിലാത്തറയില്‍ ഇടതു സ്ഥാനാര്‍ത്ഥി കെ.പി. സതീഷ ്ചന്ദ്രന്റെ ബൂത്ത് ഏജന്റ് രാജേഷ് മരങ്ങാടനാണു കള്ളവോട്ടിനു സഹായിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പകരക്കാരിയായ ബൂത്ത് ഏജന്റായിരുന്നു സുമയ്യ. ഇതെല്ലാം പൊലീസും അന്വേഷണത്തില്‍ പരിശോധിക്കും.

കെപി സലീന, കെപി സുമയ്യ, പത്മിനി എന്നിവര്‍ കള്ളവോട്ട് ചെയ്തതായി വെബ് കാസ്റ്റിങ് വീഡിയോയിലാണ് വ്യക്തമാക്കിയത്. സുമയ്യ മുന്‍ പഞ്ചായത്ത് അംഗമാണ്. പിലാത്തറയിലെ 69, 70 ബൂത്തുകളില്‍ നടന്നത് സിപിഎം വാദിക്കുന്നത് പോലെ ഓപ്പണ്‍ വോട്ടല്ല കള്ളവോട്ട് തന്നെയാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് ബൂത്ത് ഏജന്റിന്റെ സഹായത്തോടെ മൂന്ന് സ്ത്രീകള്‍ കള്ള വോട്ട് ചെയ്തതായാണ് ടിക്കാറാം മീണ പറഞ്ഞത്. എല്‍ഡിഎഫ് ഏജന്റിനെതിരെയും ബൂത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞത്. മാടായിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതിരോധത്തിലായ സിപിഎം ജില്ല നേതൃത്വം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുകയാണ്.

Related posts