തിരുവനന്തപുരം: ഡൽഹി സമരത്തിനിടെയുള്ള കൈയേറ്റത്തിൽ കേരളത്തിൽ കേസ്. എൻഎസ്യുഐ നേതാവ് ആതിര വിജയന്റെ പരാതിയിലാണ് കേസ്.
മ്യൂസിയം പോലീസാണ് കേസെടുത്തത്. ഡിജിപിക്കാണ് ആതിര പരാതി നൽകിയത്. ഡൽഹി സമരത്തിനിടെ പരിക്കേറ്റ ആതിര ഉൾപ്പെടെയുള്ളവർ ക്രൂരമായ മർദനത്തിന് ഇരയായതായി പ്രതികരിച്ചിരുന്നു.
സമരജ്വാല അണയ്ക്കാതെ പ്രതിഷേധക്കാർ
ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരേയും പ്രതിഷേധക്കാർക്കെതിരായ പൊലിസ് അക്രമങ്ങൾക്കെതിരേയും ജന്തർ മന്തർ സമരഭൂമിയായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും തലസ്ഥാനത്ത് ഇന്നലെയും ശക്തമായ പ്രതിഷേധമുണ്ടായി. ഫിറോസ് ഷാ റോഡിൽനിന്ന് ജന്തർ മന്തറിലേക്ക് ഇടത് വിദ്യാർഥി-യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്തമായി പ്രതിഷേധമാർച്ച് നടത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പൊലിസ് അതിക്രമങ്ങൾക്കെതിരേ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. രണ്ട് മാർച്ചുകളും പൊലിസ് തടയാൻ ശ്രമിച്ചു. പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്ന നൂറോളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി.
ഫിറോസ് ഷാ റോഡിൽനിന്ന് ആരംഭിച്ച ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ച് ജന്തർ മന്തറിലേക്കുള്ള റോഡിലേക്ക് കടക്കുന്നതിനു മുമ്പേ പൊലിസ് ബാരിക്കേഡുകളിട്ടു തടഞ്ഞു. എംപിമാരായ എ.എ. റഹിം, വി. ശിവദാസൻ, യുവജനനേതാക്കളായ ആദർശ് എം. സജി, ജെയ്ക് സി. തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ബാരിക്കേഡുകൾ മറികടക്കാൻ ചില പ്രവർത്തകർ ശ്രമിച്ചെങ്കിലും പിന്നീട് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രതിഷേധം അവസാനിപ്പിക്കാൻ ഇവരോട് പൊലിസ് ആവശ്യപ്പെട്ടെങ്കിലും അര മണിക്കൂറിലേറെ പ്രതിഷേധം തുടർന്നതോടെ നേതാക്കളെയും വനിതാ പ്രവർത്തകരെയുമടക്കം വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലേക്കു മാർച്ച്
ജന്തർ മന്തർ സമരവേദിയായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധക്കാർക്കു നേരേയുള്ള പൊലിസ് അക്രമങ്ങൾക്കെതിരേയും യൂത്ത് കോൺഗ്രസ് ആസ്ഥാനത്തുനിന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. ത്രിവർണപതാകകളേന്തിയുള്ള മാർച്ചിനിടെ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനു സമീപം ഇവർ അൽപസമയം കുത്തിയിരുന്നും പ്രതിഷേധിച്ചു. പിന്നീട് നൂറോളം പ്രവർത്തകരുമായി പാർലമെന്റ് സ്ടീറ്റ് പൊലിസ് സ്റ്റേഷനിലേക്കെത്തിയ ഇവർ അവിടെ നിന്ന് മുദ്രാവാക്യം വിളിച്ചു.
സെൻട്രൽ പാർക്കിൽ പ്രതിഷേധത്തിനൊരുങ്ങി സിജെപി
ന്യൂഡൽഹി: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രതിഷേധസമരം പ്രഖ്യാപിച്ച് കോക്രോച്ച് പാർട്ടി. അനുമതിയില്ലാതെ ജന്തർ മന്തറിൽ കടന്നുവെന്നതുൾപ്പടെയുള്ള കുറ്റങ്ങൾക്ക് പാർട്ടി നേതാക്കളായ അശുതോഷ് റാങ്കയെയും സൗദവ് ദാസിനെയും അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതിലുള്ള പ്രതിഷേധമായാണ് നാളത്തെ ഒത്തുചേരൽ. വൈകുന്നേരം അഞ്ചുമണിക്ക് ഒത്തുചേരാനാണ് സമൂഹമാധ്യമങ്ങളിലൂടെ അഭിജീത് ദീപ്കെയുടെ ആഹ്വാനം.
ലെഹ്ര ദോ തിരംഗ എന്ന പേരിലുള്ള പ്രതിഷേധ പരിപാടിയിലൂടെ വീണ്ടും സമരം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ഡൽഹിയിലെ സമരക്കാർക്കുവേണ്ടി ലണ്ടനിലും പ്രതിഷേധം
ലണ്ടൻ: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തെ അനുകൂലിച്ച് ലണ്ടനിലും പ്രതിഷേധം. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസിനു പുറത്തായിരുന്നു സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, ഹിന്ദുത്വത്തിനെതിരേയുള്ള കേംബ്രിജ് സൗത്ത് ഏഷ്യൻ കൂട്ടായ്മ, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, അംബേദ്കർ സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, പ്രതിഷേധക്കാർക്കെതിരേയുള്ള പോലീസ് നടപടിയെ അപലപിച്ചുമുള്ള പ്ലാക്കാർഡുകൾ പ്രതിഷേധക്കാർ ഉയർത്തി.
പൊലിസ് അതിക്രമങ്ങൾക്കെതിരേ മാധ്യമപ്രവർത്തകർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനും അവർക്കെതിരേയുള്ള പൊലിസ് അക്രമങ്ങൾക്കുമെതിരേ ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് (ഡിയുജെ) സുപ്രീംകോടതിയെ സമീപിച്ചു. റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകരെ പൊലിസ് ബലമായി നീക്കം ചെയ്തെന്നും സംഭവങ്ങൾ ചിത്രീകരിക്കുന്നതിൽനിന്ന് തടഞ്ഞെന്നും ബലപ്രയോഗം നടത്തിയെന്നും സംഘടന സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
നിയമപരമായ റിപ്പോർട്ടിംഗിന്റെ സംരക്ഷണം, സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം, പ്രസക്തമായ തെളിവുകൾ ഉടനടി സംരക്ഷിക്കൽ, നിയമവിരുദ്ധമായി അധികൃതർ കൈവശം വച്ചിരിക്കുന്ന മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തിരികെ നൽകൽ, ലംഘനങ്ങൾ കണ്ടെത്തിയാൽ ഉചിതമായ നടപടിയും നഷ്ടപരിഹാരവും എന്നിവയും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
