കോട്ടയം രാമപുരത്ത് ജനിച്ച് കുടിയേറ്റത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പം 1970കളില്‍ പുളിങ്ങോത്തെത്തുകയും പിന്നീട് മാതമംഗലത്തിനടുത്തുള്ള പെരുവാമ്പയിലേക്ക് താമസം മുറ്റുകയും ചെയ്ത ചെരിയമ്പറത്ത് തോമസ് എന്ന എഴുപത്തിരണ്ടുകാരന് ഇന്ന് നാട്ടുകാര്‍ക്ക് അദ്ഭുതമായി മാറിയിരിക്കുകയാണ്. വീടിനു സമീപത്ത് ഒറ്റയാള്‍ പോരാട്ടത്തിലൂടെ നൂറ്റിയിരുപത് മീറ്ററോളം നീളത്തിലുള്ള തുരങ്കം നിര്‍മിച്ചതാണ് തോമസ് ചേട്ടനെ അദ്ഭുതമായി മാറ്റിയത്.
25 മീറ്റര്‍ നീളത്തിലുള്ള തുരങ്കം നിര്‍മിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. പിന്നീടത് അന്‍പതായി. ആവേശം ലക്ഷ്യത്തെ മറികടന്നപ്പോള്‍ തുരങ്കത്തിന്റെ നീളം 75 ആയി. ഇപ്പോഴത് നൂറ്റിയിരുപത് മീറ്റര്‍ നീളമുള്ള തുരങ്കമായി മാറി. ഒരുവര്‍ഷത്തിനുള്ളില്‍ നൂറ്റിയന്പത് മീറ്റര്‍ നീളമുള്ള തുരങ്കമാക്കി മാറ്റി ഈ ദൗത്യം നിര്‍ത്തണമെന്നതാണ് തോമസ് ചേട്ടന്റെ ഇപ്പോഴത്തെ ആഗ്രഹം.
അതിനപ്പുറത്തേക്ക് നീണ്ടുപോയാല്‍ വായു കിട്ടാതാകുമോയെന്ന സന്ദേഹവും ഇദ്ദേഹത്തിനുണ്ട്. തുരക്കലും കിളക്കലും മണ്ണ് പുറത്തേക്ക് മാറ്റലും എല്ലാം തോമസ് ചേട്ടന് ഒറ്റക്കാണ് ചെയ്യുന്നത്.
അഞ്ചുവര്‍ഷം കൊണ്ട് തുരന്നത് 120 മീറ്റര്‍
അഞ്ച് വര്‍ഷമായി തോമസ് ചേട്ടന് ഇതിനായി വിശ്രമമില്ലാതെ അധ്വാനിക്കാന്‍ തുടങ്ങിയിട്ട്. അതിനിടയില്‍ ഹൃദ്രോഗ ബാധിതനായി ആന്‍ഞ്ചിയോ പ്ലാസ്റ്റി ചെയ്തിരുന്നു. കൂടുതല്‍ കഠിനാധ്വാനമുള്ള ജോലികള്‍ ചെയ്യുന്നത് ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു. ഭക്ഷണത്തിലെ ക്രമീകരണത്തിനും നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, ഇതൊന്നും വകവയ്ക്കാതെയാണ് ഇദ്ദേഹത്തിന്റെ തുരങ്ക നിര്‍മാണം.
ഭാര്യയും മക്കളും വിലക്കിയിട്ടും അതിന് വഴങ്ങാതെയാണ് നിശ്ചയദാര്‍ഢ്യത്തോടെ ഇദ്ദേഹം കഠിനാധ്വാനം ചെയ്യുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചുള്ള മരുന്നുകള്‍ തെറ്റാതെ കഴിക്കുമ്പോഴും ഇഷ്ടഭക്ഷണം ബിരിയാണിയും പൊറോട്ടയുമാണ്!
ഇത്തരം ഭക്ഷണവും കഠിനാധ്വാനവും ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നാണ് തോമസ് ചേട്ടന് പറയുന്നത്. തുരങ്ക നിര്‍മാണം കാണാനെത്തുന്നവരുടെ പ്രോത്സാഹനമാണ് ആകെയുള്ള പ്രചോദനം. ഓട്ടോറിക്ഷയ്ക്കു സുഗമമായി കടന്നുപോകാനുള്ള വീതിയിലും എട്ടടിയോളം ഉയരത്തിലുമാണ് ചെങ്കല്ലില്‍ കൊത്തിക്കുഴിച്ചുണ്ടാക്കിയ തുരങ്കമുള്ളത്.
സന്ദര്‍ശകര്‍ക്ക് ഇരുട്ടകറ്റാനായി ലൈറ്റുകളും പിടിപ്പിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റും തേപ്പ് പണികളുമൊഴികെയുള്ള മറ്റെല്ലാപ്പണികളും സ്വന്തമായി ചെയ്ത് വീട് നിര്‍മിച്ച അനുഭവത്തിന്റെ കരുത്തിലാണ് ഇദ്ദേഹം തുരങ്കം നിര്‍മിക്കുന്നത്.
16-ാം വയസുമുതല്‍ ടാപ്പിംഗ് ജോലിയിലൂടെ അധ്വാന മേഖലയിലേക്ക് കടന്ന തോമസ് ചേട്ടന് തോട്ടത്തിലെ പണികള്‍ക്കു പുറമേയാണ് തുരങ്ക നിര്‍മാണവും നടത്തുന്നത്. മുന്‍കാലങ്ങളില്‍ രാവിലെ ഏഴുമുതല്‍ രാത്രി പത്ത് വരെ നീളുന്നതായിരുന്നു ഇദ്ദേഹത്തിന്റെ അധ്വാനസമയം. അസുഖം വന്നതിനുശേഷം ജോലി സമയം പത്തും പതിനൊന്നും മണിക്കൂറായി കുറയ്ക്കേണ്ടി വന്നു.
പിക്കാസുകൊണ്ടാണ് ചെങ്കല്ലില്‍ ചെത്തി മിനുക്കിയും കിളച്ചും തുരങ്കം നിര്‍മിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടയില്‍ അഞ്ച് പിക്കാസുകള്‍ തേഞ്ഞുതീര്‍ന്നു. പിന്നീട് വാങ്ങിയ നാലെണ്ണം തേഞ്ഞ് തീരാറുമായി. രണ്ടേകാല്‍ ലക്ഷത്തോളമാണ് പണിയുപകരണങ്ങള്ക്കും മറ്റുമായി ചെലവായതെന്ന് ഇദ്ദേഹം പറയുന്നു. വാര്‍ധക്യത്തിന്റെ നിര്‍വചന രേഖയിലൊതുങ്ങിക്കൂടാന് തയാറല്ലാത്ത തോമസ് ചേട്ടന് തുരങ്കത്തിന്റെ നീളം നൂറ്റന്പത് മീറ്ററിലേക്കെത്തിക്കുന്നതിനുള്ള കഠിനാധ്വാനം തുടരുകയാണ്.
തായ്ലൻഡിൽ കണ്ടത് വീട്ടുവളപ്പിലുണ്ടാക്കി
ഭാര്യ സാലിയും മക്കളായ ജിസ്മോന്, വിമല്‍ എന്നിവരടങ്ങിയ അധ്വാനശീലരായ കര്‍ഷക കുടുംബമാണ് തോമസ് ചേട്ടന്റേത്. മക്കളെ നന്നായി പഠിപ്പിച്ചതിനെ തുടര്‍ന്ന് മൂത്തമകന് ജിസ്മോന് സിങ്കപ്പൂരിലെ ബാങ്കില്‍ സോഫ്റ്റ്വെയർ എൻജിനിയറായി. രണ്ടാമത്തെ മകന് വിമലിന് രണ്ടുവര്‍ഷം മുമ്പാണ് അയര്‍ലൻഡില്‍ ജോലി ലഭിച്ചത്. മൂത്തമകന് മാതാപിതാക്കളെ സിങ്കപ്പൂരിലേക്ക് സന്ദര്‍ശനത്തിനായി കൊണ്ടുപോയിരുന്നു.
അവിടെനിന്നു ടൂര്‍ പാക്കേജില്‍ തായ്ലന്റില് കാണാന്‍ പോയി. അവിടത്തെ ബോട്ടുയാത്രയിലാണ് തായ്ലന്റ് കടലിലെ തുരങ്കം കാണാനായത്. എന്തുകൊണ്ട് വീട്ടുവളപ്പില്‍ ഒരു തുരങ്കം നിര്മിച്ചുകൂടായെന്ന ചോദ്യമാണ് പിന്നീട് മനസില്‍ കിടന്നു പുകഞ്ഞുകൊണ്ടിരുന്നത്.
അങ്ങനെയാണ് നിശ്ചയദാര്‍ഢ്യത്തോടെ അഞ്ചുവര്‍ഷം മുമ്പ് ചെങ്കല്‍ പാറ കുത്തിക്കുഴിക്കാന്‍ തുടങ്ങിയത്. പേരമക്കള്‍ എത്തുമ്പോള്‍ അധികസമയവും ഇതിനകത്താണ് കളിക്കുന്നത്. കൂടാതെ ധാരാളമാളുകള്‍ തുരങ്കം കാണാനുമെത്തുന്നു. പ്രവേശന കവാടത്തില്‍ പൂട്ടിയിടാന്‍ പറ്റുന്നവിധത്തില്‍ ഗ്രില്ലുകൊണ്ടുള്ള ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്.
അകത്തെ കുളിര്‍മ ആസ്വദിച്ച് സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളുമുണ്ട്. തുരങ്ക നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ ഇതൊരുപക്ഷേ ചെറിയ വരുമാന മാര്‍ഗമായി മാറിയേക്കാമെന്ന പ്രതീക്ഷയും ഇദ്ദേഹത്തിനുണ്ട്. അഞ്ചുവര്‍ഷം നീണ്ടുനിന്ന ഒറ്റയാള്‍ പോരാട്ടം മനോഹരമായ തുരങ്കമായി മാറ്റിയ തോമസ് ചേട്ടന് ഇന്ന് പലര്‍ക്കും അദ്ഭുതത്തിനു പുറമെ ആരാധനാപാത്രവുമായി മാറിയിരിക്കുകയാണ്.
പീറ്റർ ഏഴിമല
