തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രയുടെ സ്പോൺസർമാരെക്കുറിച്ച് നിയമസഭയിൽ മൗനം പാലിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം വിദേശയാത്ര നടത്തിയത് ഒമ്പത് മന്ത്രിമാരെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഇതിൽ പി.സി. വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക യാത്ര നടത്തിയത്.
മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ വിദേശയാത്രകളുടെ ചെലവ് ആരാണ് വഹിച്ചതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. എന്നാൽ യാത്രകളുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുന്നില്ലെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.
ഔദ്യോഗിക വിദേശയാത്രകളുടെ ചെലവുകൾ സർക്കാർ തന്നെയാണ് വഹിക്കുന്നത്. മന്ത്രിമാരുടെ യാത്രയ്ക്കും താമസത്തിനും സ്പോൺസർഷിപ്പ് അനുവദിക്കുന്നതിന് വ്യവസ്ഥയുണ്ടോയെന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഔദ്യോഗിക യാത്രകളിലെ താമസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പെരുമാറ്റച്ചട്ടത്തിൽ വ്യവസ്ഥകളുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
