37 വർഷങ്ങൾക്ക് മുമ്പ് ആശുപത്രി അധികൃതരുടെ വീഴ്ച മൂലം ജനനസമയത്ത് മാറിപ്പോയ രണ്ട് ചൈനീസ് യുവതികൾ, തൊട്ടടുത്ത പ്രദേശങ്ങളിൽ വെറും നാല് കിലോമീറ്റർ മാത്രം അകലത്തിൽ വളർന്നുവെന്ന അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
1989 ഒക്ടോബറിൽ തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലുള്ള ക്വിങ്യുവാൻ പീപ്പിൾസ് ഹോസ്പിറ്റലിൽ 55 മിനിറ്റ് വ്യത്യാസത്തിൽ ജനിച്ച ഹുവാങ് ഷിയോലിൻ, ലി ഹുയി എന്നീ കുഞ്ഞുങ്ങളാണ് അന്ന് ആശുപത്രിയിലെ നെയിം കാർഡുകൾ മാറിയതിനെ തുടർന്ന് രണ്ട് വ്യത്യസ്ത ജീവിതങ്ങളിലേക്ക് അയക്കപ്പെട്ടത്.
മാതാപിതാക്കളുമായി സാമ്യമില്ലാത്തതിനെ ചൊല്ലിയുള്ള കുടുംബ തർക്കങ്ങൾ പരിഹരിക്കാൻ 2022ൽ ഹുവാങ് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് താൻ വളർന്നത് സ്വന്തം മാതാപിതാക്കളുടെ കൂടെയല്ലെന്ന ഞെട്ടിക്കുന്ന വിവരവും തുടർന്ന് പോലീസിന്റെ സഹായത്തോടെ തന്റെ യഥാർഥ കുടുംബത്തെയും ലിയെയും കണ്ടെത്തിയത്.
സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബത്തിൽ സാമ്പത്തിക ഭദ്രതയോടെ ഹുവാങ് വളർന്നപ്പോൾ, സാമ്പത്തിക പ്രതിസന്ധികളും രോഗങ്ങളുമായുള്ള കഠിന പോരാട്ടങ്ങളിലൂടെയാണ് ലി തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
തങ്ങളെ വളർത്തിയ മാതാപിതാക്കളോടുള്ള വൈകാരികബന്ധം നിലനിർത്താൻ തീരുമാനിച്ച ഇരുവർക്കും, വർഷങ്ങൾക്ക് മുമ്പത്തെ ആശുപത്രി രേഖകൾ നഷ്ടപ്പെട്ടതിനാൽ വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ തുടർനടപടികൾ സ്വീകരിക്കാൻ സാധിച്ചിട്ടില്ല.
