കണ്ണൂർ: മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് പഞ്ചസാര ഇറക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഏഴുപേർ ചേർന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്ര സാംഗ്ളി സ്വദേശി രാജിവ് നേതാജി മോറ (35) യെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ്നാഥിന്റെ നേതൃത്വത്തിൽ ഹരിയാനയിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ കൊറ്റാളി സ്വദേശി സുനീഷ്, മേലെ ചൊവ്വ സ്വദേശി പ്രസൂൺ എന്നിവർ ചേർന്ന് കണ്ണൂർ കണ്ണോത്തുംചാലിൽ നടത്തുന്ന സുപ്രീം ട്രേഡേഴ്സിലേക്ക് പഞ്ചസാര ഇറക്കി കൊടുക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. കേസിലെ ഏഴാം പ്രതിയാണ് പിടിയിലായ രാജീവ്.
സ്ഥാപനത്തിന്റെ പാർട്ണറായ സുനീഷ് കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി നിർദേശപ്രകാരമാണ് ടൗൺ പൊലീസ് കേസെടുത്തത്. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
