ഭിന്നശേഷിക്കാരായ ലോട്ടറി വില്‍പ്പനക്കാര്‍ക്കു മുച്ചക്രവാഹനങ്ങള്‍ നല്‍കും; ക്രിസ്മസ് ലോട്ടറിയുടെ ആദായം വരള്‍ച്ച തടയുന്നതിന് വിനിയോഗിക്കുമെന്ന് മന്ത്രി തോമസ് ഐസക്

TVM-LOTTARYമലപ്പുറം: ഭിന്നശേഷിക്കാരായ ലോട്ടറി വില്‍പ്പനക്കാര്‍ക്കു സൗജന്യമായി മുച്ചക്രവാഹനങ്ങള്‍ നല്‍കുമെന്നു ധനമന്ത്രി തോമസ് ഐസക്ക്. കോട്ടയ്ക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്–പുതുവത്സര ബംപര്‍ ലോട്ടറി പ്രകാശനവും ആദ്യവില്‍പ്പനയും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം രൂക്ഷമായ വരള്‍ച്ച നേരിടാന്‍ പോകുന്ന സാഹചര്യത്തില്‍ ക്രിസ്മസ് ലോട്ടറിയുടെ ആദായം വരള്‍ച്ച തടയുന്നതുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

കറന്‍സിയുടെ ലഭ്യതയിലുള്ള കുറവ് ഏറ്റവും കൂടുതല്‍ ബാധിച്ചതു ലോട്ടറിയെയാണ്. ലോട്ടറി വില്‍പ്പന നിര്‍ത്തിവയ്‌ക്കേണ്ട ഗതികേടുവരെയുണ്ടായി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം കൊടുക്കുന്നതില്‍ സര്‍ക്കാരിനു ബുദ്ധിമുട്ടില്ല. എന്നാല്‍ കറന്‍സി ക്ഷാമം സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു കടിഞ്ഞാണിട്ടതായി മന്ത്രി പറഞ്ഞു. 18 ലക്ഷം പേരുടെ ക്ഷേമ പെന്‍ഷനുകള്‍ നാളെ മുതല്‍ ബാങ്കുകള്‍ വഴി ലഭ്യമാക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. അടുത്ത മാസം മുതല്‍ പെന്‍ഷന്‍ വിവരങ്ങളും മറ്റും അറിയുന്നതിനു ട്രഷറികളില്‍ ടോള്‍ ഫ്രീ ഫോണ്‍ സംവിധാനം ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. കോട്ടക്കല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.വി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.

ബംപര്‍ ടിക്കറ്റിനു ഒന്നാം സമ്മാനമായി നാലു കോടി രൂപയാണ് നല്‍കുക. രണ്ടാം സമ്മാനമായി 10 ലക്ഷം വീതം ഓരോ പരമ്പരയിലും നല്‍കും. മൂന്നാം സമ്മാനം ഓരോ പരമ്പരയിലുമായി രണ്ടു വീതം അഞ്ച് ലക്ഷം രൂപ വീതവും നല്‍കും. 13,14,00,000 രൂപയാണ് ആകെ സമ്മാനമായി വിതരണം ചെയ്യുക. ടിക്കറ്റിന് 100 രൂപയാണ് വില. നറുക്കെടുപ്പ് ജനുവരി 20ന് നടക്കും. ചടങ്ങില്‍ ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. രുഗ്മിണി, നഗരസഭാ ചെയര്‍മാന്‍ കെ.കെ. നാസര്‍, വൈസ്‌ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷെബീര്‍, കൗണ്‍സിലര്‍ രാജാ സുലോചന, ജില്ലാ ലോട്ടറി ഓഫീസര്‍ കെ. സരസ്വതി എന്നിവര്‍ പങ്കെടുത്തു.

Related posts