കൊച്ചി: സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ അതിനു തയാറാകാത്ത സാഹചര്യത്തിലാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സിനിമാ സംഘടനകള്‍. സര്‍ക്കാര്‍ സംഘടിപ്പിച്ച ഫിലിം കോണ്‍ക്ലേവ് കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു.
പണിമുടക്ക് ദിവസം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സൂചന പണിമുടക്കിന് ശേഷവും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയാറായില്ലെങ്കില്‍ ശക്തമായ തുടര്‍ച്ചയായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് സിനിമ സംഘടനകളുടെ തീരുമാനം.
താരസംഘടനയായ അമ്മയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 21ന് സിനിമ പ്രദര്‍ശനവും നിര്‍മാണവും അടക്കം എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കുമെന്നാണ് സംഘടനകള്‍ അറിയിച്ചിട്ടുള്ളത്.
നിലവില്‍ രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ സേവന നികുതിയും വിനോദ നികുതിയും ഉള്‍പ്പെടെയുള്ള മറ്റ് നികുതികള്‍ അതില്‍ ലയിപ്പിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേരളത്തില്‍ വിനോദ നികുതി പിരിക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
18 ശതമാനം അല്ലെങ്കില്‍ 12 ശതമാനം ജിഎസ്ടി നല്‍കുന്നതിന് പുറമെയാണ് കോര്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ എട്ടര ശതമാനം മുതല്‍ പത്ത് ശതമാനം വരെ വിനോദ നികുതി അധികമായി നല്‍കേണ്ടി വരുന്നത്.
21ന് നടക്കുന്ന പണിമുടക്ക് സിനിമ മേഖലയെ ആകമാനം നിശ്ചലമാക്കും. അന്നേദിവസം തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനം ഉണ്ടാകില്ല. ഷൂട്ടിംഗ്, ഡബ്ബിംഗ്, എഡിറ്റിംഗ് തുടങ്ങിയ നിര്‍മാണ അനുബന്ധ ജോലികളും പൂര്‍ണമായി നിര്‍ത്തിവയ്ക്കും. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിയോക് തുടങ്ങിയ സംഘടനകള്‍ ഒറ്റക്കെട്ടായാണ് സമരരംഗത്തുള്ളത്.
സിനിമ നയരൂപീകരണത്തിനും സ്ത്രീസുരക്ഷയ്ക്കുമായി സര്‍ക്കാര്‍ നടത്തിയ കോണ്‍ക്ലേവുകളില്‍ വ്യവസായം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ചര്‍ച്ചയായില്ലെന്നും കോടികള്‍ മുടക്കുന്ന നിര്‍മാതാക്കളുടെയും തിയറ്റര്‍ ഉടമകളുടെയും അതിജീവനം സര്‍ക്കാരിന്റെ പരിഗണനാ വിഷയമല്ലെന്നും സംഘടനകള്‍ക്ക് ആക്ഷേപമുണ്ട്.
21ലെ സൂചന സമരത്തിന് ശേഷവും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് തിയറ്ററുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കുന്നു.
