പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ ബി ബ്ലോക്കിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് സാമൂഹികവിരുദ്ധരുടെ താവളമാകുന്നു. 2025 ജൂലൈ മാസത്തില്‍ പാര്‍ക്കിനുള്ളില്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അനുകുമാരി നിർവഹിച്ചിരുന്നു.
ജിംനേഷ്യത്തിന്റെ മറപിടിച്ചാണ് ഇവിടെ സാമൂഹികവിരുദ്ധര്‍ വിഹരിക്കുന്നത്. രാത്രികാലങ്ങളില്‍ മദ്യക്കുപ്പികളുമായി എത്തുന്ന സംഘം ഇരുട്ടിന്റെ മറപറ്റി ഇ വിടെ മദ്യപിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവും പാര്‍ക്കിന്റെ പ്രവര്‍ത്തനം ഒരു നിശ്ചിത സമയം വരെ അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ അതിനുശേഷം ഗേറ്റുകള്‍ തുറന്നുതന്നെ കിടക്കുന്നതിനാല്‍ ആര്‍ക്കും എപ്പോഴും ഇതിനുള്ളില്‍ കടന്നുവരാമെന്നതാണ് അവസ്ഥ. പാര്ക്കിനുള്ളിലാകെ മിനറല്‍ വാട്ടര്‍ കുപ്പികളും ചപ്പുചവറുകളുമാണ്.
ഇരിപ്പിടങ്ങളില്വരെ പ്ലാസ്റ്റിക് കുപ്പികള്‍ ചിതറിക്കിടക്കുന്നുണ്ട്. ശുചീകരണമില്ലാത്തതിനാല്‍ കരിയിലകളും മറ്റും നിറഞ്ഞു വൃത്തിഹീനമായ അവസ്ഥയിലാണ് നിലവിൽ പാർക്കുള്ളത്.
രാത്രി 10 മണിക്കും പാര്‍ക്കിനുള്ളില്‍ ജനങ്ങള്‍ കടന്നുകയറി ഫലവൃക്ഷങ്ങളില്‍നിന്നു മാങ്ങകള്‍ അടര്‍ത്തിയെടുക്കുന്നത് സ്ഥിരം കാഴ്ചയാണ്. പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ജിംനേഷ്യം ഉപകരണളില്‍ ചിലത് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച അവസ്ഥയിലാണ്.
വൈകുന്നേരം ആറുമണിക്ക് എത്തുന്ന ചില സംഘങ്ങള്‍ രാത്രി 11 മണിവരെ പാര്‍ക്കിനുള്ളില്‍ തുടരുന്നത് സ്ഥിരം സംഭവമായിട്ടുണ്ട്.
ജില്ലാ ഭരണകൂടം ഇടപെടാത്തതാണ് പാര്‍ക്ക് 24 മണിക്കൂറും തുറന്നു കിടക്കുന്നതിനും ഫലവൃക്ഷങ്ങള്‍ നശിപ്പിക്കപ്പെടുന്നതിനും പാര്‍ക്ക് മാലിന്യപൂരിതമാകുന്നതിനും കാരണമെന്നും ആരോപണമുണ്ട്.
