തിരുവനന്തപുരം: ബാറുകളില്‍ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്കെതിരെയുള്ള സസ്പെൻഷൻ അച്ചടക്ക നടപടി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അശോക് കുമാറിനെതിരെയാണ് കൈക്കൂലി ആരോപണത്തില്‍ എക്സൈസ് കമ്മീഷണര്‍ നടപടിയെടുത്തത്. അശോക് കുമാര്‍ പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മാസപ്പടി ഇടപാടില്‍ ഡെപ്യൂട്ടി കമ്മീഷണറെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആറു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചത്. ബാര്‍ ഉടമകളുമായുള്ള ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഒത്താശയുടെയും തെളിവുകള്‍ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ബാറുകള്‍ നേരത്തെ തുറക്കാനും രാത്രി വൈകി അടയ്ക്കാനും ഉദ്യോഗസ്ഥര്‍ മൗനാനുമതി നല്‍കിയതായാണ് കണ്ടെത്തല്‍. ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതിയില്ലാതെ ബാറുകളില്‍ പരിശോധന നടത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബാറുകള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിനു പകരമായി ബാര്‍ ഉടമകള്‍ അശോക് കുമാറിന് മാസപ്പടിയായി പണം നല്‍കിയിരുന്നു.
കോട്ടയം മേഖലയിലെ 27 ബാര്‍ ഉടമകളുമായി അശോക് കുമാര്‍ നടത്തിയ പണമിടപാടുകളുടെ രേഖകളും പരിശോധനയില്‍ കണ്ടെത്തി. യൂണിഫോം ധരിക്കാതെ ബാറിലെത്തി പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
