പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നുംവിജയം കരസ്ഥമാക്കിയെങ്കിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളിലെ വീതംവയ്പ് രാഷ്ട്രീയം കോൺഗ്രസിൽ ഗ്രൂപ്പ് പോരുകൾ വർധിപ്പിച്ചു.ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാനങ്ങൾ വീതംവച്ചതോടെ നേതാക്കൾ തമ്മിലുള്ള വടംവലികളിൽ പ്രാദേശിക തലങ്ങളിലും ചേരിതിരിവ് ശക്തമായി.
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ വീതംവയ്പ് സംബന്ധിച്ചു വ്യാപക അസംതൃപ്തി നിലനില്‍ക്കുകയാണ്. ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളിലൊഴികെ എല്ലായിടത്തും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങള്‍ രണ്ടും മൂന്നും ടേമുകളായി വീതംവച്ചിരിക്കുകയാണ്.
കെപിസിസി നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായാണ് പലയിടത്തെയും വീതംവയ്പ്. തദ്ദേശ സ്ഥാപന മുന്‍പരിചയമുള്ളവരെപ്പോലും പാടെ അവഗണിച്ചു നേതാക്കളുടെയും ഗ്രൂപ്പിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇത്തരം വീതംവയ്പുകള്ക്കെതിരേ പാര്‍ട്ടി ഘടകങ്ങളില്‍ വ്യാപക പരാതി ഉയര്‍ന്നു. രാജിഭീഷണികള് പലയിടത്തുനിന്നുമുണ്ടായി. വിപ്പ് വാങ്ങാതെ മടിച്ചുനിന്നവരുമുണ്ട്.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്ത് ദീനാമ്മ റോയിയാണ് ആദ്യ രണ്ടുവര്‍ഷം പ്രസിഡന്റാകുക. തുടര്‍ന്നുള്ള രണ്ടുവര്‍ഷം എം.വി. അമ്പിളിക്കാണ്. അവസാന ഒരുവര്‍ഷം നീതു മാമ്മന്‍ കൊണ്ടൂരിനും ലഭിക്കും. മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സ്റ്റെല്ലാ തോമസിനെ പാടെ അവഗണിച്ചാണ് വീതംവയ്പ്. സിപിഐയില്നിന്നെത്തി കോണ്‍്ഗ്രസ് ടിക്കറ്റില്‍ പള്ളിക്കലില്‍ വിജയിച്ച ശ്രീനാദേവി കുഞ്ഞമ്മയെയും പരിഗണിച്ചില്ല.
ഉപാധ്യക്ഷ സ്ഥാനത്ത് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയ്ക്ക് ആദ്യ മൂന്നുവര്‍ഷം നല്കിയപ്പോള് ഡിസിസി ജനറല്‍ സെക്രട്ടറി ജി. സതീഷ് ബാബുവിന്റെ ആവശ്യവും നിരാകരിച്ചു. ശക്തമായ പ്രതിഷേധം സതീഷ് ബാബു അറിയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനം അവസാന രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസിനാണ്.
ഗ്രാമപഞ്ചായത്തുകളില്‍ പലയിടത്തും തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി പാര്‍ട്ടി നേതാക്കള്‍ തീരുമാനം അടിച്ചേല്‍പിക്കുന്നതായാണ് ആക്ഷേപം. എല്‍ഡിഎഫിനു ഭൂരിപക്ഷമുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനുള്ളവരെ നിശ്ചയിച്ചു.
തുല്യനിലയിലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേവല ഭൂരിപക്ഷമില്ലെങ്കിലും മറ്റു സ്ഥലങ്ങളിലും മത്സരിക്കാനാണ് തീരുമാനം. ബിജെപിക്ക് ലീഡുള്ള പഞ്ചായത്തുകളില്‍ ശക്തമായ മത്സരത്തിനാണ് തീരുമാനം. ബിജെപി, എസ്ഡിപിഐ പിന്തുണ യുഡിഎഫും എല്‍ഡിഎഫും തേടേണ്ടതില്ലെന്നാണ് തീരുമാനം.
