പിതാവ് മരിച്ചതോടെ അമ്മ ഭ്രാന്തിയായി ! വിശന്നു വലഞ്ഞ് അനുജന്‍ ! വിശപ്പകറ്റാന്‍ മോഷണം നടത്തി 16കാരന്‍ ! പയ്യനെ വെറുതെവിട്ട കോടതി കുടുംബത്തിന് സഹായം നല്‍കണമെന്ന് ഉത്തരവുമിട്ടു…

ലോക്ക്ഡൗണ്‍ മൂലം കോടിക്കണക്കിന് ആളുകളാണ് ഇന്ത്യയില്‍ ദുരിതത്തിലായിരിക്കുന്നത്.

കുടുംബത്തിന്റെ വിശപ്പകറ്റാന്‍ മോഷണം നടത്തിയ 16കാരനെ കോടതി വെറുതെ വിട്ട സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

മാത്രമല്ല കൗമാരക്കാരനും കുടുംബത്തിനും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശവും നല്‍കി. ബിഹാറിലെ നളന്ദയിലാണ് സംഭവം.

പഴ്‌സ് മോഷ്ടിച്ച മോഷ്ടിച്ച കേസിലാണ് കൗമാരക്കാരനെ പോലീസ് പിടികൂടിയത്. ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം.നഗരത്തിലെ പ്രാദേശിക ചന്തയില്‍ ഷോപ്പിംഗിന് ഇറങ്ങിയ യുവതിയുടെ പഴ്സാണ് പയ്യന്‍ അടിച്ചു മാറ്റിയത്.

എന്നാല്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ വെച്ച് ഇസ്ളാംപൂര്‍ പോലീസ് പയ്യനെ വെള്ളിയാഴ്ച പിടികൂടുകയും ജുവനൈല്‍ ജസ്റ്റീസിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുട്ടി എന്തുകൊണ്ട് താന്‍ ഇങ്ങനെ ചെയ്തുവെന്ന് വെളിപ്പെടുത്തിയതോടെ ഏവരും നിശബ്ദരായി.”പിതാവ് മരിച്ചതോടെ അമ്മ ഭ്രാന്തിയായി.

പ്രദേശത്തെ റസ്റ്ററന്റിലും ധാബകളിലും അടുത്തുള്ള ചിലരുടെ വീടുകളിലും മറ്റും ജോലി ചെയ്താണു മാതാവിനെയും 13 വയസ്സുള്ള അനുജനെയും സംരക്ഷിച്ചിരുന്നത്.

എന്നാല്‍ ലോക്ക്ഡൗണ്‍ വന്നതോടെ പണിയില്ലാതായി. കുടുംബം മുഴുപ്പട്ടിണിയിലായി. മാതാവും അനുജനും വിശന്നിരിക്കുകയാണ്. താന്‍ ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. മോഷണം നടത്തുക അല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു” പയ്യന്‍ പറഞ്ഞു.

ഇസ്ളാംപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഷെഡ്ഡിലാണ് പയ്യനും അനുജനും അമ്മയും കഴിയുന്നത്.

ലോക്ഡൗണ്‍ പട്ടിണിയിലാക്കിയ കുടുംബത്തില്‍ കുട്ടികള്‍ ദിവസങ്ങളായി ഒന്നും കഴിച്ചിരുന്നില്ല. ഇതോടെയാണ് പയ്യന്‍ മോഷണത്തിനിറങ്ങിയത്.

തുടര്‍ന്നു മോഷണക്കേസില്‍ കുട്ടിയെ വെറുതെ വിട്ട കോടതി, കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പു വരുത്താന്‍ നിര്‍ദേശം നല്‍കി. കുടുംബത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കളടക്കം എത്രയും വേഗം എത്തിച്ചുകൊടുക്കാനും ഉത്തരവായി.

കുട്ടിയുടെ അമ്മയ്ക്ക് വിധവാ പെന്‍ഷന്‍ ലഭ്യമാക്കണമെന്നും കുടുംബത്തിന് ആധാറുള്‍പ്പെടെയുള്ള അവശ്യ രേഖകള്‍ അനുവദിക്കണമെന്നും സര്‍ക്കാരിന്റെ ഏതെങ്കിലും പാര്‍പ്പിട നിര്‍മാണ പദ്ധതിയില്‍ ഈ കുടുംബത്തിന് ഫണ്ട് അനുവദിക്കാനും ഉത്തരവിട്ട കോടതി, നാലു മാസത്തിനു ശേഷം ഇതെല്ലാം നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.

ഇസ്ളാംപൂര്‍ പോലീസ് ഉടന്‍ തന്നെ പയ്യനും കുടുംബത്തിനും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വീട്ടില്‍ എത്തിച്ചു.

സാഹചര്യത്തിന്റെ സമ്മര്‍ദ്ദഫലമായി ചെയ്തുപോകുന്ന ഇത്തരം ചെറിയ തെറ്റുകള്‍ക്ക് കുട്ടികള്‍ക്കെതിരേ കേസെടുക്കുകയോ അവരെ ദുര്‍ഗുണ പാഠശാലയിലേക്ക് അയയ്ക്കുകയോ ചെയ്യുന്നത് കുട്ടി മോശം കൂട്ടുകെട്ടില്‍ പെടാനും അതിലൂടെ വലിയ കുറ്റകൃത്യത്തിലേക്ക് പോകാനും ഇടയാകുമെന്ന വാദം നിരത്തിയാണ് കോടതി പയ്യനെ വെറുതെ വിട്ടത്.

കോടതിവിധി പാറ്റ്നയില്‍ വലിയ ചര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. പലരും രാജേഷ്ഖന്ന നായകനായ സൂപ്പര്‍ഹിറ്റ് സിനിമ റോട്ടി യുടെ തിരക്കഥ പോലെയുണ്ടെന്നാണ് പറയുന്നത്.

Related posts

Leave a Comment