രാജ രവിവര്‍മയുടെ ചിത്രങ്ങള്‍ കാണുന്ന അതേ കണ്ണോടെയാണ് കോടതി ആ ചിത്രം കണ്ടത്! കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യവും അശ്ലീലവുമെല്ലാം; പ്രമുഖ മാസികയുടെ കവര്‍ചിത്രം അശ്ലീലമല്ലെന്ന് കോടതി

അടുത്തകാലത്ത് കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ച ഒന്നായിരുന്നു പ്രമുഖ മാസികയുടെ കവര്‍ചിത്രത്തില്‍ യുവതി, മറയില്ലാതെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പ്രസിദ്ധീകരിച്ചത്.

മറയില്ലാതെ മുലയൂട്ടാന്‍ ഓരോ സ്ത്രീയ്ക്കും അമ്മയ്ക്കും അവകാശമുണ്ടെന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്നതാണ് അതെന്നായിരുന്നു മറ്റൊരു കൂട്ടരുടെ വാദം. വാദം കോടതിയിലുമെത്തി. ഇപ്പോഴിതാ അതിന്റെ വിധി വന്നിരിക്കുന്നു.

മാസികയുടെ ‘മുലയൂട്ടല്‍’ ക്യാംപെയിനിന്റെ ഭാഗമായുള്ള കവര്‍ ചിത്രത്തില്‍ യാതൊരു അശ്ലീലവുമില്ലെന്നാണ് കേരള ഹൈക്കോടതി വിലയിരുത്തുന്നത്. മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

മോഡല്‍ കുഞ്ഞിനെ മുലയുട്ടുന്ന ചിത്രം അശ്ലീലമാണെന്ന് കാണിച്ച് ഫെലിക്സ് എംഎ നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സദാചരത്തെ മുറിവേല്‍പ്പിക്കുന്നു എന്നത് അബദ്ധമായ കാഴ്ചപ്പാടാണ്. ഒരാള്‍ക്ക് അശ്ലീലമെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയാകാമെന്നും കോടതി പറഞ്ഞു.

‘ആ ചിത്രത്തില്‍ യാതൊരു അശ്ലീലവും കണ്ടെത്താന്‍ കോടതിക്കു സാധിച്ചില്ല. അതിന്റെ അടിക്കുറിപ്പിലും പുരുഷന്‍മാര്‍ക്കെതിരുള്ള യാതൊന്നും കണ്ടില്ല. രാജ രവിവര്‍മയുടെ ചിത്രങ്ങള്‍ കാണുന്ന അതേ കണ്ണോടെയാണ് കോടതി ആ ചിത്രം കണ്ടത്. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യവും അശ്ലീലവുമെല്ലാം.’ കോടതി പറഞ്ഞു.

ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരവും (ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 45) സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള വകുപ്പുപ്രകാരവുമാണ് പരാതി നല്‍കിയിരുന്നത്.

Related posts