പശു സ്‌നേഹികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത! ഗോമൂത്രത്തിന് കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ സാധിക്കും; ഗോമൂത്രം കൊണ്ട് മാറാത്ത അര്‍ബുദങ്ങളില്ലെന്നും പഠന റിപ്പോര്‍ട്ട്

പശു സംരക്ഷണത്തിന്റെയും പശുവിനെ വാഴ്ത്തിപ്പാടുന്നതിന്റെയും തിരക്കിലാണ് കേന്ദ്ര സര്‍ക്കാരെന്ന പഴി അവരേറെ കേട്ടിരിക്കുന്നു, ഇതിനോടകം. രാജ്യത്തെ ഏത് സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാലും പശു ക്ഷേമത്തിനായി അവിടെ എന്തെങ്കിലും ചെയ്തിരിക്കുമെന്ന് നിര്‍ബന്ധമാണ്. ഇപ്പോഴിതാ പശു സ്‌നേഹികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നു. ഗോമൂത്രത്തിന് അര്‍ബുദം സുഖപ്പെടുത്താനുളള ശക്തിയുണ്ടെന്ന ഗുജറാത്തില്‍ നിന്നുളള ഗവേഷകരുടെ കണ്ടെത്തലാണ് അത്.

തങ്ങളുടെ ആദ്യ ശ്രമത്തില്‍ ഗോമൂത്രത്തിന് കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞതായി ജുനാഗദ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ബയോടെക്നോളജി ഗവേഷകര്‍ അവകാശപ്പെടുന്നു. ശ്വാസകോശ അര്‍ബുദം, വൃക്കയിലെ അര്‍ബുദം, സ്തനാര്‍ബുദം, ത്വക്ക്, വായ, ഗര്‍ഭാശയ മുഖത്തെ അര്‍ബുദം എന്നിവയൊക്കെ സുഖപ്പെടുത്താന്‍ ഗോമൂത്രം കൊണ്ട് സാധിക്കുമെന്നാണ് അവകാശവാദം.

ഒരു വര്‍ഷം നീണ്ട പരീക്ഷണത്തിനൊടുവിലാണ് അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രദ്ധ ഭട്ട്, രുകാംസിന്‍ ടോമര്‍, കവിത ജോഷി എന്നിവര്‍ അടങ്ങിയ സംഘം കണ്ടുപിടിത്തം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു കുപ്പിയില്‍ കാന്‍സര്‍ സെല്ലുകള്‍ ശേഖരിച്ച് നടത്തിയ പരീക്ഷണം വളരെ സാഹസികമായിരുന്നു. ഒരു ദിവസം നിശ്ചിത എണ്ണത്തിലുളള കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ എത്ര ഗോമൂത്രം വേണമെന്ന് ഞങ്ങള്‍ കണ്ടെത്തി എന്നും ശ്രദ്ധ ഭട്ട് പറഞ്ഞു. അടുത്തതായി ഈ പരീക്ഷണം എലികളില്‍ നടത്താനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്.

പരീക്ഷണം വിജയകരമായാല്‍ ഗോമൂത്രം കൊണ്ടുളള ഗുളിക നിര്‍മ്മിക്കാനാണ് പ്രൊഫസര്‍മാരുടെ തീരുമാനം. ഇത്തരത്തില്‍ വിവിധ തരത്തിലുളള കാന്‍സറുകള്‍ക്ക് അതാത് ഗുളികകള്‍ നിര്‍മ്മിക്കാനാവുമെന്നും പ്രൊഫസര്‍ ടോമര്‍ പറഞ്ഞു. ആരോഗ്യമുളള സെല്ലുകളെ അടക്കം കീമോതെറാപ്പി വഴി ഇല്ലാതാക്കുമ്പോള്‍, കാന്‍സര്‍ സെല്ലുകളെ മാത്രമാണ് ഗോമൂത്രം നശിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts