രൂപകൽപ്പനയിലെ പ്രത്യേകത കാരണം തുടക്കത്തിൽ വിമർശനങ്ങൾക്ക് കാരണമായ ഡൽഹിയിലെ ഒരു നടപ്പാതയ്ക്ക് പിന്നിൽ പരിസ്ഥിതി സൗഹൃദപരമായ ഒരു ലക്ഷ്യമുണ്ടെന്ന് റിപ്പോർട്ട്. കോൺക്രീറ്റ് ബ്ലോക്കുകളിലെ വലിയ ചതുരത്തിലുള്ള സുഷിരങ്ങൾ മണ്ണുനിറച്ച് പുല്ല് വളർത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമായതോടെയാണ് പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നത്.
ഇന്റർലോക്കിംഗ് കോൺക്രീറ്റ് പേവറുകൾ ഉപയോഗിച്ച് നിർമിച്ച ഈ നടപ്പാതയിലെ വലിയ ചതുരക്കട്ടകൾ പലരിലും സംശയമുണ്ടാക്കിയിരുന്നു. കാൽനടയാത്രക്കാർക്ക് ഇത് എങ്ങനെ പ്രായോഗികമാകുമെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. സുഷിരങ്ങളിലൂടെ മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ സഹായിക്കുന്നതാണ് ഈ ഡിസൈൻ എന്ന് പറയപ്പെടുന്നുണ്ടെങ്കിലും യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടാകുമെന്നായിരുന്നു വിമർശനം.
എന്നാൽ ഈ സുഷിരങ്ങളിൽ മണ്ണ് നിറച്ച് പുല്ല് വളർത്താനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി ‘Bewda Babloo’ എന്ന എക്സ് ഉപയോക്താവ് ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. ഡിസൈനിന്റെ ലക്ഷ്യം മനസ്സിലാക്കാതെ വിമർശിച്ചവരെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.
മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങി ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു. മഴ സമയത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാം. റോഡരികിലെ മരങ്ങളുടെ വേരുകളിലേക്ക് വായുവും വെള്ളവും നന്നായി എത്തുന്നതിലൂടെ മരങ്ങളുടെ വളർച്ചയ്ക്ക് ഇത് ഗുണം ചെയ്യും.
തുടക്കത്തിൽ വിചിത്രമെന്ന് തോന്നിയ ഈ രൂപകൽപ്പന പരിസ്ഥിതി സൗഹൃദപരമാണോ അതോ കാൽനടയാത്രക്കാർക്ക് സൗകര്യപ്രദമാണോ എന്ന ചർച്ചകളിലാണ് ഇപ്പോൾ നഗരവാസികൾ.

