യാത്രക്കാരുമായി പോയ ബസ് കയറ്റത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ടെങ്കിലും, കണ്ടക്ടറുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ജാർഖണ്ഡിലെ ദുർഗ്ഗയിലാണ് സംഭവം.
യാത്രക്കാരുമായി സഞ്ചരിച്ച ബസ് കുത്തനെയുള്ള കയറ്റത്തിൽ വെച്ച് പെട്ടെന്ന് ബ്രേക്ക് ഫെയിലായി പിന്നിലേക്ക് ഉരുളാൻ തുടങ്ങുകയായിരുന്നു. ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുകയും, ചിലർ വാതിലിലൂടെ പുറത്തേക്ക് ചാടാൻ ശ്രമിക്കുകയും ചെയ്യുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ബസ് പിന്നിലേക്ക് പായുന്നതിനിടയിൽ പരിഭ്രാന്തരാകാതെ കണ്ടക്ടർ സമയോചിതമായി പ്രവർത്തിച്ചു. അദ്ദേഹം ബസിന് പിന്നിലേക്ക് ഓടിച്ചെന്ന് ടയറുകൾക്ക് അടിയിൽ വലിയ കല്ലുകൾ വെക്കുകയായിരുന്നു.
കണ്ടക്ടറുടെ ഈ വേഗത്തിലുള്ള ഇടപെടൽ കാരണം ബസിന്റെ വേഗത കുറയുകയും ഒടുവിൽ വാഹനം പൂർണ്ണമായി നിലയ്ക്കുകയും ചെയ്തു. യാത്രക്കാരിൽ ആർക്കും പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.
കണ്ടക്ടറുടെ മനസാന്നിധ്യത്തെയും ധീരതയെയും പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. അദ്ദേഹത്തെ ‘യഥാർഥ ഹീറോ’ എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.
