വയലോ കുളമോ നികത്തിയാല്‍ ചെങ്കൊടി നാട്ടി പണം പിരിക്കുന്ന വിരുതന്‍; സ്വന്തം ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്യുന്നവരേയും മര്‍ദ്ദിക്കും; കറ്റാനത്തെത്തിയ വയോധികനായ അയ്യപ്പഭക്തന്റെ ഊന്നുവടി പിടിച്ചു വാങ്ങി മര്‍ദ്ദിച്ച സിപിഎം നേതാവ് നാട്ടിലെ ജഗജില്ലി…

വയോധികനായ അയ്യപ്പഭക്തന്റെ ഊന്നുവടി പിടിച്ചു വാങ്ങി അദ്ദേഹത്ത മര്‍ദ്ദിച്ച സിപിഎം പ്രാദേശിക നേതാവ് ഒളിവില്‍. വള്ളികുന്നം എസ്ഐ ബി. അനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മര്‍ദ്ദനമേറ്റ അയ്യപ്പ ഭക്തനെ ഇനിയും കണ്ടെത്താനായില്ല. സീനിയര്‍ സിറ്റിസണ്‍ വകുപ്പ് പ്രകാരവും കേസെടുക്കുമെന്നാണ് വിവരം. മര്‍ദ്ദനമേറ്റ അയ്യപ്പ ഭക്തന്റെ മൊഴിയെടുത്ത ശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുക. മൂന്നാം തീയതിയാണ് ശബരിമലയിലേക്ക് പോകുകയായിരുന്ന വയോധികനായ അയ്യപ്പ ഭക്തനെ സിപിഎം പ്രാദേശിക നേതാവും സിഐ.ടി.യു പ്രവര്‍ത്തകനുമായ പള്ളിക്കല്‍ മന്നത്ത് വീട്ടില്‍ കെ. രാജു മര്‍ദ്ദിച്ചത്.

കായംകുളം ഭാഗത്ത് നിന്നും കറുപ്പണിഞ്ഞ് ഒരു വടിയും കുത്തി വരികയായിരുന്നു വൃദ്ധനായ അയ്യപ്പ ഭക്തന്‍. കൈകളില്‍ ഒരു സഞ്ചിയും ഇരുമുടിയും ഉണ്ടായിരുന്നു. വരുന്ന വഴിയില്‍ ഭിക്ഷയും യാചിച്ചായിരുന്നു നടത്തം. നാലു മണിയോടെ കറ്റാനം ഫെഡറല്‍ ബാങ്കിന് മുന്‍വശം എത്തിയപ്പോള്‍ അവിടെ നില്‍ക്കുകയായിരുന്ന രാജുവിന്റെ അടുത്ത് ഭിക്ഷ ചോദിച്ചു. അപ്പോള്‍ കുപിതനായ രാജു വൃദ്ധന്റെ കൈയില്‍ നിന്നും ഊന്നു വടി പിടിച്ചു വാങ്ങുകയും നീ ആര്‍എസ്എസ്സുകാരനല്ലെടാ. ഈ വടി നീയൊക്കെ ശാഖയില്‍ ഉപയോഗിക്കുന്ന ദണ്ഡല്ലെ എന്ന് പറഞ്ഞ് വൃദ്ധനെ ആ വടി കൊണ്ട് തന്നെ മര്‍ദ്ദിക്കുകയായിരുന്നു.

തടയാന്‍ വന്നവരോട് ഇവന്‍ ആര്‍എസ്എസ്സുകാരനാണ് എന്നും ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പോകുകയാണ് എന്നും പറഞ്ഞ് വീണ്ടും മര്‍ദ്ദിച്ചു. ഇത് കണ്ടു കൊണ്ട് നിന്ന ഒരു സ്ത്രീ ആക്രോശിച്ചു കൊണ്ട് ഇയാള്‍ക്കെതിരെ പാഞ്ഞടുത്തതോടെയാണ് മറ്റു ചിലര്‍ കൂടി എത്തി വൃദ്ധനായ അയ്യപ്പ ഭക്തനെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപെടുത്തിയത്. പിന്നീട് തന്റെ പേരു പോലും പറയാതെ വൃദ്ധന്‍ നടന്നു പോവുകയും ചെയ്തു.

മര്‍ദ്ദനദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ നിരവധിപേര്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. ഇതോടെ ബിജെപി കറ്റാനം മേഖലാ പ്രസിഡന്റ് മോഹനന്‍ പിള്ള വള്ളികുന്നം പൊലീസില്‍ പരാതി നല്‍കി. മര്‍ദ്ദനമേറ്റ വൃദ്ധനായ അയ്യപ്പന്‍ ആരാണ് എന്ന് ഇതുവരെയും കണ്ടെത്താനായില്ല.

ശബരിമലയിലേക്ക് നടന്നു പോയ ഇദ്ദേഹത്തെ ഉടന്‍ കണ്ടെത്തുമെന്ന് മോഹനന്‍ പിള്ള പറഞ്ഞു. മുമ്പ് ഭരണിക്കാവ് സര്‍വ്വീസ് സഹകരണബാങ്കിലെ ജോലിക്കാരനായിരുന്ന രാജുവിനെ അവിടെ സാമ്പത്തിക തിരിമറികള്‍ നടത്തിയതിനെത്തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു. പിന്നീട് ഇയാള്‍ ഓട്ടോറിക്ഷാ തൊഴിലാളിയാവുകയായിരുന്നു.

Related posts