മാന്നാര്‍: സിപിഎം പ്രാദേശികനേതാവിനെ പോലീസ് മർദിച്ചതായി പരാതി. പുതുപ്പിറവി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മദ്യപിച്ചെത്തിയ പോലീസ് സംഘം മര്‍ദിച്ചതായാണ് പരാതി. ചെന്നിത്തല സിപിഎം ഇരമത്തൂര്‍ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മാന്നാര്‍ ബ്ലോക്ക് കമ്മിറ്റി അംഗവുമായ കൂടാരത്തില്‍ സുകുവിനെ(42) ആണ് മാന്നാര്‍ പോലീസ് മര്‍ദിച്ചത്.
കഴിഞ്ഞദിവസം രാത്രിയിൽ സ്റ്റോര്‍ ജംഗ്ഷന് കിഴക്ക് സ്വകാര്യവ്യക്തിയുടെ ലോഡ്ജിന്റെ മുകളിലത്തെ ഓപ്പണ്‍ ടെറസില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ 50 കുടുംബങ്ങള്‍ ഒത്തുകൂടിയത്. ആഘോഷങ്ങള്‍ നടക്കവേ സ്റ്റോര്‍ ജംഗ്ഷനു സമീപം മറ്റ് വ്യക്തികള്‍ തമ്മില്‍ നേരത്തെ കലഹം നടന്നിരുന്നു.
ഇത് നിയന്ത്രിക്കാനെത്തിയ പോലീസ് സംഘം ശരിയായ അന്വേഷണം നടത്താതെ പരിപാടി നടക്കുന്ന ലോഡ്ജിലേക്ക് അതിക്രമിച്ച് കയറി പങ്കെടുത്ത സ്ത്രീകളെ അടക്കം അസഭ്യം പറയുകയും ആളുകളെ പിടിച്ച് തള്ളുകയും ചെയ്തു. സമാധാനമായി പരിപാടികള്‍ നടത്തിക്കൊണ്ടിരുന്ന കുടുംബങ്ങളോട് ഇത്തരത്തില്‍ അപമര്യാദയായി പെരുമാറിയ പോലീസ് സംഘത്തിനെതിരെ പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രതിഷേധിച്ചു.
പ്രതിഷേധിച്ച സുകുവിനുനേരെ പോലീസ് സംഘം പാഞ്ഞെടുത്ത് ക്രൂരമായി മര്‍ദിക്കുക യായിരുന്നു. സുകുവിന്റെ കുടുംബം മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കു പരാതി നല്കി.സംഭവത്തില്‍ സിപിഎം തൃപ്പെരുന്തുറ ലോക്കല്‍ കമ്മിറ്റിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികള്‍ പ്രതിഷേധിച്ചു.
കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് അധികൃതര്‍ തയാറാകണമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി ടി.എ. സുധാകരക്കുറുപ്പ് ആവശ്യപ്പെട്ടു.
