ആലപ്പുഴ: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പുതുവർഷത്തിൽ കളക്ടറേറ്റിനു മുന്നിൽ നിരാഹാര സത്യഗ്രഹവുമായി കാഴ്ചപരിമിതരായ ദമ്പതികൾ. കലവൂർ തകിടിവെളിയിൽ ബി.ബി. ജയരാജ് (58), ഭാര്യ ഷീല (54) എന്നിവരാണ് നിരാഹാര സമരവുമായി എത്തിയത്. ഇവരുടെ ഇളയ മകൾ രേഷ്മയെ കഴിഞ്ഞ സെപ്റ്റംബർ 17നാണ് തത്തംപള്ളിയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മുഖത്തെ അടികൊണ്ട പാടുപോലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഫാനിൽ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഭർത്താവോ മാതാപിതാക്കളോ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും കുടുംബാംഗങ്ങളുടെ മൊഴികൾ പരസ്പര വിരുദ്ധമായിരുന്നെന്നും രേഷ്മയുടെ മാതാപിതാക്കൾ ആരോപിച്ചു.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ സെഷൻസ് കോടതി തള്ളിയതാണെന്നും പ്രതികളെ ഇതുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ നോർത്ത് പോലീസ് തയാറായിട്ടില്ലെന്നും കുടുംബം പറയുന്നു.ജയരാജിന് ഭാഗികമായും ഭാര്യ ഷീലയ്ക്ക് പൂർണമായും കാഴ്ചശക്തിയില്ല.
പ്രതികൾ എവിടെയുണ്ടെന്ന് വിവരം നൽകിയാൽ അറസ്റ്റ് ചെയ്യാമെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ ഒളിവിൽപ്പോയതോടെ രേഷ്മയുടെ മൂന്നു വയസുള്ള കുട്ടിയെക്കുറിച്ചും അറിയില്ലെന്നും ചെറുമകളുടെ കാര്യത്തിൽ അശങ്കയുണ്ടെന്നും ജയരാജ് പറഞ്ഞു. അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ വിവിധ സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് ദമ്പതികളുടെ തീരുമാനം.
