ഐ ആം സോറി..! പതിനെട്ടാം വയസിൽ ഇരട്ടകൊലപാതകം; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഇന്ത്യാന: ടെക്സസ് ഫോർട്ട് ഹുഡ് മിലിട്ടറി റിസർവേഷൻ ക്യാംപിനു സമീപം ദമ്പതിമാരായ യൂത്ത് പാസ്റ്റേഴ്സിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിലിട്ടു തീ കൊളുത്തിയ കേസിലെ രണ്ടാമത്തെ പ്രധാന പ്രതി ബ്രാണ്ടൻ ബെർനാർഡിന്‍റെ (40) വധശിക്ഷ ഇന്ത്യാന ഫെഡറൽ ജയിലിൽ വ്യാഴാഴ്ച രാത്രി നടപ്പാക്കി. രാത്രി 9.27ന് മരണം സ്ഥിരീകരിച്ചു.

ബെർനാഡിന്‍റെ വധശിക്ഷ ഒഴിവാക്കണമെന്ന അപ്പീൽ ഫെഡറൽ അപ്പീൽസ് കോർട്ട് തള്ളിയതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയത്. പല പ്രമുഖരും വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1999 ജൂണിൽ നടന്ന കൊലപാതകത്തിൽ ബെർണാർഡിന്‍റെ കൂട്ടുപ്രതികളായ മറ്റു രണ്ടു പേർക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കാരണത്താൽ വധശിക്ഷ നൽകാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മറ്റൊരു പ്രധാന പ്രതി ക്രിസ്റ്റഫറിന്‍റെ വധശിക്ഷ സെപ്റ്റംബർ 24ന് നടപ്പാക്കിയിരുന്നു.

70 വർഷത്തിനുള്ളിൽ ഫെഡറൽ ഗവൺമെന്‍റ് നടപ്പാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയുടെ വധശിക്ഷയാണിത്. ജൂലൈ മാസത്തിനുശേഷം പതിമൂന്നാമത്തെ ഫെഡറൽ വധശിക്ഷയും.

വിഷവാതകം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതിന് മുന്പ് പ്രതി അവസാനമായി പറഞ്ഞത് ‘ഐ ആം സോറി’ എന്നാണ്. കൊലചെയ്യപ്പെട്ട ദമ്പതിമാരുടെ കുടുംബാംഗങ്ങളെ നോക്കിയായിരുന്നു അത്.

കൊല്ലപ്പെട്ട ദമ്പതികളായ ടോഡ്‌ബാഗ്‌ലിയും (26), ഭാര്യ സ്റ്റേയ്ഡി (28) ടെക്സസ് സന്ദർശിക്കുന്നതിന് എത്തിയതായിരുന്നു.

അയോവാ ഒസ്ക്കലൂസ ചർച്ച് പാസ്റ്റർമാരായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന കാർ പ്രധാന പ്രതി ക്രിസ്റ്റഫറും ബ്രണനും കൂട്ടുകാരും ചേർന്ന് തടഞ്ഞു.

കവർച്ച നടത്തുന്നതിനുള്ള ശ്രമത്തിലാണ് ഇരുവർക്കും നേരെ വെടിയുതിർത്തത്. കൃത്യത്തിന്‍റെ സൂത്രധാരകൻ ക്രിസ്റ്റഫറായിരുന്നു.

ഇരുവരും ജീവനുവേണ്ടി യാചിച്ചുവെങ്കിലും നിർദയമായി ഇവരെ വെടിവയ്ക്കുകയായിരുന്നു. ടോഡ് കൊല്ലപ്പെട്ടുവെങ്കിലും വെടിയേറ്റ ഭാര്യ കാറിനകത്തു കിടന്ന് വെന്തുമരിക്കുകയായിരുന്നു.

ജയിൽ ജീവിതത്തിൽ ബ്രാണ്ടന്‍റെ ജീവിതത്തിൽ പല നല്ല മാറ്റങ്ങളും വന്നതിനാൽ വധശിക്ഷ ഒഴിവാക്കണെന്ന ആവശ്യം ശക്തിപ്പെട്ടിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts

Leave a Comment