അന്യമതസ്ഥയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ഥിക്ക് സദാചാര പോലീസിന്റെ ക്രൂരമര്‍ദനം, മനസാക്ഷിയെ നടുക്കുന്ന സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയില്‍

policeബസ് സ്‌റ്റോപ്പില്‍ അന്യമതസ്ഥയായ നാട്ടുകാരിയും സഹപാഠിയുമായ പെണ്‍കുട്ടിയോടു സംസാരിച്ചതിന് സദാചാര ഗുണ്ടാസംഘം യുവാവിനെ മര്‍ദിച്ച് അവശനാക്കി. തളിപ്പറമ്പിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ആദ്യ ഘട്ടത്തില്‍ പരാതി എടുക്കാന്‍ പോലും തയാറാകാതിരുന്ന പോലീസ് പ്രതിഷേധം ഭയന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ്.

ആലക്കോട് രയരോം വട്ടക്കയം സ്വദേശിയും തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ ഒന്നാം വര്‍ഷം ബിഎ ഹിസ്റ്ററി വിദ്യാര്‍ഥിയുമായ ലാല്‍ജിത്ത് കെ. സുരേഷിനാണ് (19) സദാചാരസംഘത്തിന്റെ മര്‍ദനമേറ്റത്. സംഭവത്തില്‍ പത്തു പേര്‍ക്കെതിരേയാണു കേസ്. ഇതില്‍ മൊയ്തീന്‍ പള്ളിക്കു സമീപത്തെ താഹ (22), അള്ളാംകുളത്തെ മജീദ് (26), ഫാറൂഖ് നഗറിലെ താഹ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള ഏഴ് പ്രതികളില്‍ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മര്‍ദനമേറ്റ ലാല്‍ജിത്തിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. കോളജ് വിട്ട് ആലക്കോട്ടേക്കു ബസ് കയറാനായി മന്നയിലെ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഇവിടെയെത്തിയ സഹപാഠിയായ അന്യമതക്കാരിയോടു സംസാരിച്ചു നില്‍ക്കുമ്പോള്‍ കാറിലെത്തിയ രണ്ടംഗ സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബസില്‍ കയറ്റിവിട്ട ശേഷം ലാല്‍ജിത്തിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കാറില്‍ അള്ളാംകുളത്തെ വിജനമായ ഗ്രൗണ്ടില്‍ കൊണ്ടുപോയി. ഇവര്‍ ഫോണില്‍ വിവരമറിയച്ചതു പ്രകാരം അവിടെ കാറിലും ഒരു ബൈക്കിലുമായി എത്തി കാത്തുനിന്ന പത്തോളം വരുന്ന സംഘം ലാല്‍ജിത്തിനെ മര്‍ദിച്ചുവെന്നാണു പരാതി. മേലില്‍ അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടികളോടു സംസാരിച്ചാല്‍ കഴുത്തറുക്കുമെന്നു ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇയാള്‍ സ്ഥലം വിട്ടതെന്നു പരാതിയില്‍ പറയുന്നു.

Related posts