സ്ത്രീധനം വില്ലനായപ്പോള്‍… യുവതി ആത്മഹത്യചെയ്ത കേസില്‍ ഭര്‍ത്താവിന് പത്തുവര്‍ഷം കഠിന തടവ്; കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചത്

ktm-dowryപാലാ: യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ വിവിധ വകുപ്പുകളിലായി പത്തു വര്‍ഷം കഠിന തടവിനും 110000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ച് പാലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.സുരേഷ്കുമാര്‍ വിധി പ്രസ്താവിച്ചു. അതിരമ്പുഴ കൊച്ചുപുരയ്ക്കല്‍ കുര്യാച്ചന്‍ എന്ന സിറിയക്കിനെയാണ് ശിക്ഷിച്ചത. 2003 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2002 ലായിരുന്നു സിറിയക്കും സുമവും തമ്മിലുള്ള വിവാഹം.

ഭര്‍ത്താവും ഭര്‍ത്തൃസഹോദര ഭാര്യയും പിതാവും ചേര്‍ന്ന് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് സുമത്തിനെ മാനസികമായി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സ്വന്തം വീട്ടിലേയ്ക്ക് പോയ സുമം അവിടെ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് കേസ്. സംഭവകാലത്ത് ഭര്‍ത്തൃസഹോദരഭാര്യ പാലാ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരിയായിരുന്നു. ആദ്യം പോലീസ് വീട്ടുകാര്‍ക്കെതിരേ കേസെടുത്തില്ല.

സുമത്തിന്റെ മാതാവ് ഗ്രേസി ഉയര്‍ന്ന പോലീസ് അധികാരികള്‍ക്കും വനിതാ കമ്മീഷനും പരാതി നല്‍കുകയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. തുടര്‍ന്ന കേസ് അന്വോഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോടതി വിധിയെത്തുടര്‍ന്ന് അന്നത്തെ പാലാ ഡിവൈഎസ്പി കേസ് അന്വേഷിച്ച് ഭര്‍ത്താവിനെയും ഭര്‍ത്തൃസഹോദര ഭാര്യയെയും ഭര്‍ത്തൃപിതാവിനെയും പ്രതികളാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. വിചാരണയ്ക്ക് മുമ്പ് പിതാവ് മരണമടഞ്ഞു.

ഭര്‍ത്തൃസഹോദരഭാര്യയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പ്രതി സിറിയക് അടയ്ക്കുന്ന പിഴ തുകയില്‍ നിന്നും ഒരു ലക്ഷം രൂപ ഗ്രേസിയ്ക്ക് നല്‍കുവാനും ഉത്തരവുണ്ട്. പാലാ ഡിവൈഎസ്പിയായിരുന്ന എം.രമേശ്കുമാറാണ് കേസ് വീണ്ടും അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും പബഌക് പ്രോസിക്യൂട്ടറുമായ പി.കെ.ലാല്‍ പുളിക്കക്കണ്ടം ഹാജരായി.

Related posts