തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തുമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ ജിഎസ്ടി വകുപ്പ് ഇന്ന് അനുബന്ധ റിപ്പോർട്ട് സമർപ്പിക്കും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ ജിഎസ്ടി അടയ്ക്കാതിരുന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി അന്വേഷണസംഘം കഴിഞ്ഞ 19ന് ആദ്യ റിപ്പോർട്ട് നൽകിയിരുന്നു.
സ്പോൺസറുടെ അക്കൗണ്ടിലേക്ക് കോടികൾ നിക്ഷേപിച്ച രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളോടും അന്വേഷണസംഘം വിശദീകരണം തേടിയിരുന്നു. ഇതിന്റെ വിവരങ്ങളും ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച കൂടുതൽ തെളിവുകളും ഉൾപ്പെടുത്തിയാണ് പുതിയ അനുബന്ധ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതേസമയം മെസിയുടെ കേരള സന്ദർശനത്തിനായി തയാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടിലും ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തി.
വരുമാനം കുറച്ചുകാട്ടുകയും ചെലവ് പെരുപ്പിച്ചുകാട്ടുകയും ചെയ്ത് സ്പോൺസർക്ക് വൻലാഭം ഉറപ്പാക്കുന്ന തരത്തിലാണ് ഡിപിആർ തയാറാക്കിയതെന്നാണ് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ രണ്ടാം റിപ്പോർട്ടിലെ കണ്ടെത്തൽ. നികുതി തട്ടിപ്പിൽ അന്വേഷണം നടത്തുന്ന എസ്ഐടി അംഗം ഐജി സതീഷ് ബിനോ പ്രശാന്തിൽ നിന്ന് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചു.
ഡിപിആർ തയാറാക്കുന്ന ഘട്ടത്തിൽ തന്നെ ക്രമക്കേടിനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിപിആർ തയാറാക്കിയത് കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനാണ്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് ലാഭം ഉറപ്പാക്കുന്ന തരത്തിലായിരുന്നു ഡിപിആർ തയാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
