റോഡിനു പുതിയ സാങ്കേതികവിദ്യ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ ഗൗനിച്ചില്ല, ബലി നല്‌കേണ്ടിവന്നത് 25 ജവാന്‍മാരുടെ ജീവന്‍, ഛത്തീസ്ഗഡില്‍ ജീവത്യാഗം വരിച്ച സൈനികരുടെ മരണത്തിനു പിന്നിലെ കാരണങ്ങള്‍ ഇതൊക്കെ

1മാവോയിസ്റ്റ് സ്വാധീന മേഖലയില്‍ റോഡ് നിര്‍മാണത്തിനു സമയം കുറച്ച് എടുക്കുന്ന സാങ്കേതിക വിദ്യ സിആര്‍പിഎഫ് ചോദിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷം മൂന്നു കഴിഞ്ഞു. ഇതില്‍ തീരുമാനമെടുക്കാതെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയതിനു കൊടുക്കേണ്ടി വന്ന വില 25 ജവാന്‍മാരുടെ വിലപ്പെട്ട ജീവന്‍. സുക്മയില്‍ കഴിഞ്ഞ ദിവസം റോഡ് നിര്‍മാണത്തിനു സഹായിക്കാനും സുരക്ഷയൊരുക്കാനും എത്തിയിരുന്ന സിആര്‍പിഎഫ് ജവാന്‍മാരെയാണ് മുന്നൂറോളം വരുന്ന മാവോയിസ്റ്റ് സംഘം ആക്രമിച്ചത്. മാവോയിസ്റ്റ് സ്വാധീന മേഖലകളിലേക്കു റോഡ് നിര്‍മിക്കുന്നതിനെ ഏതു വിധേനയും തടയാന്‍ അവര്‍ ശ്രമിക്കുമെന്നുള്ളത് പകല്‍പോലെ വ്യക്തമായിരുന്നു. അതുകൊണ്ടാണ് അപകടകരമായ മേഖലയില്‍ അധികസമയം ചെലവഴിക്കാതെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് സിആര്‍പിഎഫ് ആവശ്യം മുന്നോട്ടുവച്ചത്. ഈ ആവശ്യത്തിന് മൂന്ന് വര്‍ഷത്തെ പഴക്കമുണ്ട്. കുറഞ്ഞ സമയംകൊണ്ട് റോഡ് നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യയുടെ പ്രോജക്ടും സര്‍ക്കാരിനു സമര്‍പ്പിച്ചു.

ഇപ്പോള്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ 15 മുതല്‍ 20 വരെ ദിവസങ്ങളാണ് എടുക്കുന്നത്. പുതിയ ടെക്‌നോളജിയില്‍ ഒരു കിലോമീറ്ററിന് രണ്ടു ദിവസം മാത്രം മതിയാകും. സാധാരണ റോഡ് നിര്‍മാണത്തേക്കാള്‍ 20 ശതമാനം തുക കൂടുതല്‍ ചെലവഴിക്കേണ്ടി വരുമെന്നതു മാത്രമാണ് പ്രശ്‌നം. എന്നാല്‍, ആക്രമണങ്ങളിലൂടെയുണ്ടാകുന്ന നഷ്ടം കണക്കിലെടുക്കുമ്പോള്‍ ഇതു ഒരു വലിയ തുകയല്ല എന്നതാണ് സത്യം.

ഇപ്പോള്‍ ആക്രമണം നടന്നതിന്റെ ഭാഗമായ 56 കിലോമീറ്റര്‍ റോഡിനായി കഴിഞ്ഞ അഞ്ചു വര്‍ഷമായി പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇത്രയും ദീര്‍ഘസമയം മാവോയിസ്റ്റ് മേഖലയില്‍ സുരക്ഷയൊരുക്കുന്നത് വലിയ വെല്ലുവിളിയാണ്. റോഡ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മാവോയിസ്റ്റ് വേട്ട കൂടുതല്‍ എളുപ്പമാകുമെന്നതാണ് ഇതിനെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം. പുറത്തുനിന്നുള്ള വസ്തുക്കള്‍ അധികം കൊണ്ടുവരാതെ പ്രദേശത്തുതന്നെ ലഭ്യമായ വസ്തുക്കള്‍ ചേര്‍ത്തു മണ്ണ് ഉറപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് സിആര്‍പിഎഫ് സമര്‍പ്പിച്ചത്. അതിവേഗം റോഡുകള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണന്നു അടുത്ത കാലത്തു സ്ഥാനമൊഴിഞ്ഞ സിആര്‍പിഎഫ് ചീഫ് പ്രസാദ് പറയുന്നു. അദ്ദേഹം സ്ഥാനം ഒഴിഞ്ഞതിനുശേഷം പുതിയ മേധാവിയെ നിയമിച്ചിട്ടില്ല. ഛത്തീസ്ഗഡില്‍ അവസാനം നടന്ന രണ്ടു മാവോയിസ്റ്റ് ആക്രമണങ്ങളില്‍ 37 ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Related posts