മലയാളത്തിലും ‘ഡി’ കമ്പനി ? അധോലോക നായകന്‍ ദാവൂദ് ഹവാലയായി കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒഴുക്കുന്നത് കോടികള്‍; ദിലീപിന് എങ്ങനെ 800 കോടിയുടെ ആസ്തിയുണ്ടായെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

davv600കൊച്ചി: അങ്ങ് മുംബൈയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലുമുണ്ട് അധോലോകം. മലയാള സിനിമയിലും ദാവൂദിന്റെ  ‘ഡി’ കമ്പനി പിടിമുറുക്കുന്നതായി കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍ മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജന്‍സിയുടെ ഇടപെടല്‍ നടക്കുന്നത്. മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി 800 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. ഇതിന് പിന്നില്‍ ദാവൂദ് സംഘത്തിലെ പ്രധാനിയാണെന്നാണ് വിലയിരുത്തല്‍. വിദേശത്ത് നേട്ടമുണ്ടാക്കുന്ന മലയാള സിനിമകളില്‍ എല്ലാം ദാവൂദിന്റെ കമ്പനിയുടെ ഇടപെടല്‍ സജീവമായിരുന്നു.

മുമ്പ് ബോളിവുഡില്‍ സജീവമായിരുന്ന ഡി കമ്പനിയെ മുംബൈ സ്‌ഫോടനക്കേസും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഹിന്ദി സിനിമയില്‍ നിന്ന് അകറ്റുകയായിരുന്നു. സഞ്ജയ് ദത്തിന്റെ അറസ്‌റ്റോടെ അധോലോകവുമായി ബന്ധപ്പെടാന്‍ താരങ്ങളും മടി കാണിച്ചു. ഇതോടെയാണ് ഡി കമ്പനി മറ്റു ഫിലിം ഇന്‍ഡസ്ട്രികളിലേക്ക് തിരിഞ്ഞത്. അങ്ങനെ കൂടുതല്‍ സേഫ് ആയ മോളിവുഡിലും അവരുടെ കണ്ണെത്തി. ഗള്‍ഫിലെ മലയാളി പ്രേക്ഷകരുടെ സാന്നിധ്യം കൊണ്ടു തന്നെ സിനിമകള്‍ വിജയിക്കുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അങ്ങനെ വിദേശത്തെ റൈറ്റുകളെല്ലാം ഡി കമ്പനിയിലൂടെ നീങ്ങി. കള്ളപ്പണവും ഹാവാല പണവും നടന്മാരുടേയും നിര്‍മ്മാതാക്കളുടേയും പോക്കറ്റിലേക്ക് ഒഴുകി.

ദാവൂദിന്റെ വലംകൈയായ ഗുല്‍ഷനാണ് ദുബായിലിരുന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. പറഞ്ഞുറപ്പിക്കുന്നതിന്റെ നാമ മാത്രമായ തുകയാണ് കേരളത്തില്‍ വച്ച് കൈമാറുക. ബാക്കി തുക ഹവാലയായി കേരളത്തിലേക്ക് അയയ്ക്കുന്നത് ഗുല്‍ഷനാണ്. അല്ലാത്ത പക്ഷം എന്‍ആര്‍ഐ അക്കൗണ്ടിലൂടെ മാറ്റിയെടുക്കും. മലയാള സിനിമയിലെ പല വമ്പന്‍ ഇടപാടുകളും പൊലീസിന്റെ സംശയ നിഴലിലാണ്. തിരുവനന്തപുരത്തെ ഒരു തിയേറ്റര്‍ സമുച്ചയത്തിന്റെ കൈമാറ്റത്തില്‍ പോലും വമ്പന്‍ ഇടപാടുകള്‍ നടന്നെന്നാണ് വിലയിരുത്തല്‍. ഒരു നടന്‍ പൊലീസിന്റെ വലയില്‍ ആയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കേന്ദ്ര ഏജന്‍സികള്‍ ഉടന്‍ തന്നെ അന്വേഷണം തുടങ്ങുകയും ചെയ്തു.

നടിയെ ആക്രമിച്ച സംഭവത്തിനു മുമ്പു തന്നെ ദിലീപിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു. ദിലീപ് ഉള്‍പ്പെടയുള്ള പല താരങ്ങളുടെയും സമ്പത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കുന്നു കൂടിയതിന്റെ പിന്നിലെ സ്രോതസും തേടുന്നുണ്ട്.
താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതായി അറിയുന്നു. ചില സിനിമകള്‍ നിര്‍മ്മിച്ച ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നിര്‍മ്മാതാക്കളാകുന്നു. പത്ത് കോടി പോലും മുടക്കി സിനിമ എടുക്കുന്നു. ഇതെല്ലാം കള്ളപ്പണത്തിന്റെ സ്വാധീനം മൂലമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കും.

ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ദിലീപ് മൂന്നുകോടി വരെയാണ് വാങ്ങുന്നത്. പ്രതിഫലം ഇത്രയധികം ഉയര്‍ത്തിയിട്ട രണ്ടു വര്‍ഷമാകുന്നതേയുള്ളു താനും. പിന്നെ എങ്ങനെ ദിലീപിന് 800 കോടിയുടെ ആസ്തിയുണ്ടായി എന്നതാണ് കേന്ദ്ര സാമ്പത്തിക അന്വേഷണ ഏജന്‍സികളെ കുഴയ്ക്കുന്നത്.
ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 800 കോടി രൂപയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്.

ഈ പണം ഹവാലയാണെന്നാണ് വിവരം. കഴിഞ്ഞ അഞ്ചു വര്‍ഷം നിര്‍മ്മിച്ച മുഴുവന്‍ സിനിമകളെക്കുറിച്ചും വിശദമായി അന്വേഷിക്കാനും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ തുടക്കമിട്ടതോടെയാണ് ദാവൂദ് ചിത്രത്തിലേക്കെത്തുന്നത്. എല്ലാ സിനിമയുടേയും വിദേശ റൈറ്റ് ഇവര്‍ക്ക് കൊടുക്കും. തുച്ഛമായ തുക കണക്കില്‍ കാണിക്കും. ബാക്കി തുക ഹവാലയായിരിക്കും. ഇതും നടന്മാരുടെ അക്കൗണ്ടിലേക്കാകും മാറ്റുക. സിനിമാ അഭിനയത്തിന് മുമ്പ് തന്നെ നിര്‍മ്മാതാവും വിതരണക്കാരുമായെല്ലാം നടന്മാര്‍ ഇതു സംബന്ധിച്ച ധാരണയുണ്ടാകും. അങ്ങനെ വിദേശത്തെ അക്കൗണ്ടിലാകുന്ന അനധികൃത പണം ഹവാല ചാനലുകളിലൂടെ റിയല്‍ എസ്‌റ്റേറ്റിലേക്ക് ഒഴുകും.

നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി തന്നെ ഹവാല കാരിയറാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനിടയില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങള്‍ പ്രത്യേക ഫയലായാണു സൂക്ഷിക്കുന്നത്. ഈ അന്വേഷണം പൂര്‍ത്തിയാക്കുന്നതോടെ ക്രൈം
ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. താരസംഘടനയടക്കം മൂന്നാലുവര്‍ഷമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലാണ്.

ബോളിവുഡില്‍ ഹവാലയിടപാടുകളും മറ്റും നടന്നതിന്റെ പകര്‍പ്പാണ് മലയാളത്തിലുമെന്ന വിലയിരുത്തലിലാണിവര്‍. ദുബായിലും മറ്റുമായി  കലായാത്ര നടത്തിയപ്പോഴാണ് മലയാള താരങ്ങള്‍ ആദ്യമായി ഡി കമ്പനിയുമായി അടുക്കുന്നത്. സംഘടനയ്ക്കു വേണ്ടി സിനിമ നിര്‍മിച്ചതും ഇതേ പണമുപയോഗിച്ചാണെന്നും സംശയമുണ്ട്. ആദായനികുതി വകുപ്പ് പരിശോധനയെത്തുടര്‍ന്ന് താരസംഘടന പിഴയടയ്‌ക്കേണ്ടിവന്നതാണ് സംശയത്തിന് ബലം കൂട്ടുന്നത്. ക്രമക്കേടുകള്‍ മറയ്ക്കാനാണ് പലരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവരുന്നതെന്നാണ് ഏജന്‍സികളുടെ അനുമാനം. അതിനാല്‍ തന്നെ ഇത്തരം ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിക്കാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം.

Related posts