പാലാ: കാലിത്തീറ്റയുടെ അടിക്കടിയുള്ള വിലക്കയറ്റംമൂലം ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് ക്ഷീര കര്‍ഷക സംഘം ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.കാലിത്തീറ്റയ്ക്ക് 600 രൂപ വിലയുള്ളപ്പോള്‍ ഒരു ലിറ്റര്‍ പാലിന് 34 രൂപയായിരുന്നു. ആ കാലിത്തീറ്റയ്ക്ക് ഇന്നു മൂന്നിരട്ടി വിലയായി. പാലിനോ 39 രൂപയും. 2022ല്‍ പാലിന് വിലകൂട്ടിയ ശേഷം പലതവണ കാലിത്തീറ്റ വിലകൂടി. കേരളത്തില്‍ വിലകൂടാത്ത ഏക വസ്തു പാല് മാത്രമാണ്.
ഇന്നത്തെ കാലിത്തീറ്റയുടെ വിലവച്ച് പാലിന് 80 രൂപയെങ്കിലും ലഭിക്കാതെ ക്ഷീരകര്‍ഷകര്‍ക്കു പിടിച്ചുനില്‍ക്കാനാവില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പലതവണ നിവേദനങ്ങള്‍ നൽകിയിട്ടും നടപടിയുണ്ടായില്ല.പാലിന് വിലയോ സബ്സിഡിയോ കൂട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഒരു ലിറ്റര്‍ കള്ളിന്റെ പകുതിവിലപോലും ഒരു ലിറ്റര്‍ പാലിന് കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
പാല്‍വില നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നുണ്ടെങ്കിലും കാലിത്തീറ്റ വില നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. ഇതിനു കാരണം കമ്പനികള്‍ കോടീശ്വരന്മാരും കര്‍ഷകര്‍ ദരിദ്രരുമായതാണെന്ന് ഭാരവാഹികള്‍ ആരോചിച്ചു. ക്ഷീരകര്‍ഷകരെ തളര്‍ത്തി, അന്യ സംസ്ഥാനങ്ങളില്‍നിന്ന് കൃത്രിമ പാല് കേരളത്തിലേക്ക് ഒഴുക്കുന്നതു കാണാനും സര്‍ക്കാരിനു കണ്ണില്ല.
തങ്ങളെ സംരംക്ഷിക്കാത്തതുമൂലം കര്‍ഷകരും ക്ഷീരകര്‍ഷകരും ഈ മേഖലയില്‍നിന്നു മാറിക്കൊണ്ടിരിക്കുന്നു. കാര്ഷികോപകരങ്ങളുടെ വിലക്കയറ്റവും കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയുംമൂലം കര്‍ഷകര്‍ കടക്കെണിയിലാണ്.തൊഴിലുറപ്പുകാരെപ്പോലെ ക്ഷീരകര്‍ഷകരെയും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിനും തങ്ങളെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നതായി പാലായില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കൊല്ലപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ബേബി സ്കറിയ, ഭരണസമിതിയംഗങ്ങളായ ജയ്സണ്‍ നടുവിലേക്കുറ്റ്, ബെന്നി വാളികുളം, ഷാജു തെക്കേല്‍ എന്നിവര്‍ പറഞ്ഞു.
